മദ്യ ഉപഭോഗം കുറയ്ക്കണമെങ്കില്‍ ഇത്രയും ബാറുകള്‍ എന്തിനെന്ന് ഹൈക്കോടതി; ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനെന്ന് സര്‍ക്കാര്‍

single-img
2 June 2014

Barസംസ്ഥാനത്ത് മദ്യഉപഭോഗം കുറയ്ക്കണമെന്ന നിലപാടു സ്വീകരിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ ആരംഭിക്കണമെന്നു വാശിപിടിക്കുന്നതെന്തിനെന്നു ഹൈക്കോടതി ചോദിച്ചു. ലൈസന്‍സുമായി ബന്ധപ്പെട്ടു ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്.

എന്നാല്‍ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം നടപടികളെടുക്കുന്നതെന്നു സര്‍ക്കാര്‍ മറുപടി പറഞ്ഞു. ടൂറിസമാണു സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ടൂറിസം കേന്ദ്രങ്ങളില്‍ മാത്രം ബാറുകള്‍ അനുവദിച്ചാല്‍ പോരേയെന്നും കോടതി തിരിച്ചു ചോദിച്ചു. മദ്യനയം സംബന്ധിച്ച ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതു നിര്‍ഭാഗ്യകരമെന്ന് അഭിപ്രായപ്പെട്ട കോടതി സര്‍ക്കാര്‍ തീരുമാനം വൈകുന്നതു കൊണ്ടാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടിവരുന്നതെന്നും വ്യക്തമാക്കി.