വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാന്‍ സ്മൃതി ഇറാനി : ഹൈന്ദവ ഗ്രന്ഥങ്ങളെ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ നീക്കം

single-img
31 May 2014

ന്യൂഡല്‍ഹി : വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാന്‍ പുതിയ സര്‍ക്കാരിന്റെ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്‌.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതം,തത്വചിന്ത,ഭാഷ എന്നിവയില്‍ പുരാതന ഇന്ത്യയുടെ സംഭാവനകളെക്കുറിച്ചു പഠനം നടത്താനും അതിനെക്കുറിച്ച് ജേര്‍ണലുകള്‍ തയ്യാറാക്കാനും   പുതിയ മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി , ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇത്തരം ജേര്‍ണലുകള്‍ തയ്യാറാക്കിയ ശേഷം അവ സ്കൂള്‍ കരിക്കുലത്തില്‍ പാഠഭാഗങ്ങളായി ഉള്‍പ്പെടുത്താനാണ് നീക്കം.പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളായ വേദങ്ങളെയും ഉപനിഷത്തുക്കളെയും ഇതിഹാസങ്ങളെയും കുറിച്ചു പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാനും മാനവവിഭവശേഷി മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

സ്മൃതി ഇറാനി പ്രസ്തുത വിഷയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.രാജ്യത്തിന്റെ പുരാതന സംസ്കാരം നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നതായി അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു എന്നാണു വിവരങ്ങള്‍.

വിദ്യാഭ്യാസത്തെ ഹൈന്ദവവല്‍ക്കരിക്കാനുള്ള ആര്‍ എസ് എസിന്റെ അജണ്ടയുടെ ഭാഗമാണിതെന്നു വിലയിരുത്തപ്പെടുന്നു.കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ കാലത്ത്  പാഠ്യപദ്ധതിയില്‍ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും അവഗണിക്കപ്പെടുന്നതായി ആര്‍ എസ് എസ് നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.നിലവിലുള്ള പാഠപുസ്തകങ്ങള്‍ ഇടതുപക്ഷ നിലപാടുകള്‍ ഉള്ളവയാണെന്നാണ് സംഘപരിവാറിന്റെ പ്രധാന വിമര്‍ശനം.