തിരിച്ചു വരാത്ത ചൊവ്വാ യാത്രയ്ക്ക് 55 ഇന്ത്യാക്കാര്‍ : ഒരാള്‍ മലയാളിയെന്നു സൂചന

single-img
8 May 2014

ആമഴ്സ്ഫൂട്ട്,നെതര്‍ലാന്‍ഡ്സ്  : 2024ല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന തിരിച്ചുവരാത്ത ചൊവ്വാ യാത്രയ്ക്കുള്ള ആളുകളുടെ ചുരുക്ക പട്ടികയില്‍ 55 ഇന്ത്യക്കാര്‍.അതിലൊരാള്‍ മലയാളിയെന്നു സൂചന.

ചൊവ്വയില്‍ മനുഷ്യന്റെ ആധിപത്യം ഉറപ്പിക്കുന്നതിനായി ഹോളണ്ട് ആസ്ഥാനമായ മാഴ്‌സ് വണ്‍ സംഘടന സംഘടിപ്പിക്കുന്ന യാത്രയ്ക്ക് ലോകമെമ്പാടുനിന്നുമുള്ള 705 യാത്രക്കാരാണുള്ളത്.പോകുന്നയാളുകള്‍ക്ക് ഭൂമിയില്‍ തിരിച്ചു വരാന്‍ കഴിയില്ല എന്നതാണ് ഈ യാത്രയുടെ സവിശേഷത.എന്നിട്ട് പോലും ലക്ഷക്കണക്കിന്‌ ആളുകളായിരുന്നു ഇതിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചത്.

മേയ് അഞ്ചാം തീയതി കമ്പനി പ്രസിദ്ധീകരിച്ച രണ്ടാം ഘട്ട ചുരുക്കപ്പട്ടികയില്‍ 705 പേരാണുള്ളത്.ഇതില്‍ 55 പേര്‍ ഇന്ത്യാക്കാരാണ്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഈ 55-പേരില്‍ 36 പേര്‍ പുരുഷന്മാരും 19 പേര്‍ സ്ത്രീകളുമാണ്.

ഇവരില്‍ ഒരാളായ ഡോ . ലേഖാ മേനോന്‍ മാര്‍ഗശ്ശേരി, മലയാളിയാണ് എന്നാണു ലഭിക്കുന്ന സൂചനകള്‍.33-കാരിയായ ലേഖ, അയര്‍ലണ്ടിലെ കോര്‍ക്ക് യൂണിവേഴ്സിറ്റി കോളേജില്‍  മറൈന്‍ ബയോടെക്നോളജിയില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞയാണ് ഇവരെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.ഇവരുടെ സ്വദേശം കേരളത്തില്‍ എവിടെയാണ് എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

ഇത്കൂടാതെ ആന്ധ്രാപ്രദേശ് , മഹാരാഷ്ട്രാ , ഡല്‍ഹി , കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേര്‍ അപേക്ഷിച്ചിട്ടുണ്ട്.

ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും നാലു പേരെ വീതമാണ് ചൊവ്വയിലെത്തിക്കുക. ഇവരില്‍ പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടും.140 രാജ്യങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തിലധികം അപേക്ഷകളാണ് ചൊവ്വാ യാത്രക്കായി ലഭിച്ചത്. ഇവരില്‍ ഇരുപതിനായിരം ആളുകള്‍ ഇന്ത്യാക്കാരാണ്.

അപേക്ഷകരുടെ ബുദ്ധിശക്തിയും അറിവും വ്യക്തിത്വവും അടക്കം നിരവധി കാര്യങ്ങള്‍ പരീക്ഷിച്ച ശേഷമാണത്രേ ഇത്രയും പേരെ തെരഞ്ഞെടുത്തത്.മെഡിക്കല്‍ ടെസ്റ്റുകളും നടത്തിയിരുന്നു.ഇനിയും നിരവധി ടെസ്റ്റുകള്‍ അതിജീവിച്ചാല്‍ മാത്രമേ ഇവര്‍ക്ക് അവസാന പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിക്കൂ.അതിനു ശേഷം ഇവരെ രണ്ടു വീതം സ്ത്രീകളും പുരുഷന്മാരുമുള്ള ഗ്രൂപ്പുകളായി തിരിച്ചു പരിശീലനം നല്‍കും.