സാമ്പത്തിക പ്രതിസന്ധി:സംസ്ഥാന സര്‍ക്കാര്‍ 2000 കോടി കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി

single-img
3 April 2014

rupeസാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ ഈയാഴ്ചതന്നെ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. റിസര്‍വ് ബാങ്കുവഴി വികസനാവശ്യത്തിനുള്ള കടപ്പത്രം ഇറക്കിയാണ് ഈ പണം കടമെടുക്കുന്നത്.

നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തദ്ദേശസ്ഥാപനങ്ങളുടെ ബില്ലുകള്‍ പലതും മാര്‍ച്ചില്‍ മാറിനല്‍കാനായില്ല. ഇവയുടെ പദ്ധതിച്ചെലവ് 65 ശതമാനം എത്തിക്കുന്നതിന് ശേഷിക്കുന്ന ബില്ലുകള്‍ ഏപ്രില്‍ 20 ന് ശേഷം മാറ്റിനല്‍കാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് പിന്നിട്ട സാമ്പത്തികവര്‍ഷത്തിന്റെ പദ്ധതിച്ചെലവില്‍ത്തന്നെ ഉള്‍പ്പെടുത്തും.

എല്ലാവര്‍ഷവും നിശ്ചിത തുക ഇത്തരത്തില്‍ കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ട്രഷറിയില്‍ ആവശ്യത്തിന് പണമില്ലാത്തതുകൊണ്ടാണ് പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍ ആദ്യവാരത്തില്‍ത്തന്നെ ഇത്രയും രൂപ കടമെടുക്കുന്നത്.

സംസ്ഥാനസര്‍ക്കാരുകള്‍ക്കായി റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന കടപ്പത്രത്തിന്റെ ആദ്യലേലം ഏപ്രില്‍ ആദ്യവാരത്തില്‍ നടക്കും. ഇതില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇതിന് സാധാരണ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിക്കാറില്ല. ഇതോടെ ട്രഷറിയില്‍ ആവശ്യത്തിന് പണമെത്തും. മാര്‍ച്ചില്‍ മാറ്റിവെച്ച പല ചെലവുകള്‍ക്കും ഇതോടെ പണം നല്‍കാനാവും. പിന്നിട്ട സാമ്പത്തികവര്‍ഷം 1700 കോടിയാണ് ഇത്തരത്തില്‍ കടമെടുത്തത്.