മഠത്തിനു നെൽപ്പാടം നികത്താന്‍ അനുമതി നല്‍കി കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് : അമ്മയുടെ വിശുദ്ധനരകം അന്വേഷണ പരമ്പര തുടരുന്നു

single-img
8 March 2014

14 (1)സുധീഷ് സുധാകർ

വള്ളിക്കാവിലമ്മയുടെ സ്ഥാപനങ്ങള്‍ നികുതി അടയ്ക്കുന്നില്ലെങ്കിലും പഞ്ചായത്തിന്റെ അനുമതി മേടിക്കുന്നില്ലെങ്കിലും സര്‍ക്കാരിന് അവരുടെ കാര്യത്തില്‍ വലിയ ശുഷ്കാന്തി ആണെന്ന് ചില രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.ആശ്രമത്തിനു പാടം നികത്തി എഞ്ചിനീയറിംഗ് കോളേജ് പണിയാന്‍ 2002-ല്‍ അന്നത്തെ  കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറി എം വിശ്വമണി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ഇ വാര്‍ത്തയ്ക്കു ലഭിച്ചു.

പാടവും തണ്ണീര്‍ത്തടങ്ങളും നികത്തി നിര്‍മ്മാണങ്ങള്‍ നടത്താന്‍ അനുമതി കിട്ടാന്‍ കടമ്പകള്‍ ഏറെയാണ്‌.പൊതുജനത്തിന് ഉപകാരപ്പെടുന്ന എന്തെങ്കിലും സര്‍ക്കാര്‍ പ്രോജക്ടുകള്‍ക്ക് മാത്രമേ സാധാരണ ഇത്തരം അനുമതി നല്‍കാറുള്ളൂ.എന്നാല്‍ ഈ അനുമതി നല്‍കിയിരിക്കുന്നത് അമൃതാനന്ദമയി മഠത്തിന്റെ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങാനാണ്.

ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങി അഡ്മിഷന്‍ നടത്തുകയും വന്‍ ഫീസ്‌ ഈടാക്കുകയും ചെയ്യുന്ന അമൃതാനന്ദമയിയുടെ സ്ഥാപനങ്ങള്‍ക്ക് ഇത്തരം സൌജന്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിന്റെ യുക്തി എന്താണെന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്.സര്‍ക്കാരിന്റെ സ്വാശ്രയനയങ്ങള്‍ അംഗീകരിക്കാനോ ഫീസ്‌ ഘടന അംഗീകരിക്കാനോ തയ്യാറാകാത്ത അമൃതാനന്ദമയിയുടെ സ്ഥാപനത്തിന് വേണ്ടി പാടവും തണ്ണീര്‍ത്തടവും നികത്തി പ്രകൃതിയെ നശിപ്പിക്കാന്‍ കൂട്ടുനിന്നത് അന്നത്തെ കൊല്ലം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍,ജില്ലാ കളക്ടര്‍,ഇന്‍ലന്റ് വാട്ടര്‍ അതോരിറ്റി അധികൃതര്‍ തുടങ്ങിയ ഉദ്യോഗസ്ഥരാണ്.

“നെല്‍കൃഷിയൊന്നും നടക്കാത്ത” ഈ പാടം നികത്തി എഞ്ചിനീയറിംഗ് കോളേജ് പണിതാല്‍ “പ്രദേശത്തിന്റെ പുരോഗതിയ്ക്ക് സഹായകമാകും” എന്നാണു കളക്ടറുടെ റിപ്പോര്‍ട്ട്‌(06-09-2002) പറയുന്നത്.നെല്‍കൃഷിയ്ക്ക് അനുയോജ്യമല്ലാത്ത ഈ സ്ഥലത്ത് “മറ്റു വിളകളുടെ കൃഷി ചിലവേറിയതാണെ”ന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ റിപ്പോര്‍ട്ട്‌(14-08-2002) ചെയ്തിരിക്കുന്നു.കൂടാതെ വള്ളിക്കാവ് ജെട്ടിയ്ക്ക് സമീപം നിലം നികത്തുന്നതിനു മണ്ണുമാറ്റുന്നതിനു ഇന്‍ലന്റ് വാട്ടര്‍ അതോരിറ്റിയുടെ അനുവാദവും മഠത്തിനു ലഭിച്ചിരുന്നു.ഈ റിപ്പോര്‍ട്ടുകള്‍ കാണിച്ചുകൊണ്ട് മഠത്തിലെ സ്വാമി തുരിയാമൃതാനന്ദപുരി 05-07-2002 -ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനം പരിഗണിച്ചാണ് ക്ലാപ്പന വില്ലേജിലെ സര്‍വ്വേ നമ്പര്‍ 371/3 മുതല്‍ 396/1 വരെയുള്ള നമ്പരുകളില്‍ ഉള്‍പ്പെട്ട 15 ഏക്കര്‍ പാടം നികത്തി എഞ്ചിനീയറിംഗ് കോളേജ് പണിയാനുള്ള അനുമതി നല്‍കിക്കൊണ്ട്  കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറി 20-09-2002 ല്‍  ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വാമി നിവേദനം നല്‍കി രണ്ടു മാസത്തിനുള്ളില്‍ ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം വരികയും അനുമതി ലഭിക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.എന്നാല്‍ ഈ അനുമതിയുടെ പേരില്‍ ഈ പതിനഞ്ച് ഏക്കര്‍ കൂടാതെ നിരവധി പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മഠം നികത്തിയിട്ടും സര്‍ക്കാര്‍ മൌനം പാലിക്കുകയാണ്.തണ്ണീര്‍ത്തടം നികത്തിയാലെന്താ ബോര്‍വെല്‍ ഇല്ലേ എന്നാണു അമ്മദൈവം പരാതികൊടുത്ത വിജെഷിനോട് ചോദിച്ചത്.ഇതിനെതിരെ പരിസ്ഥിതിവാദികള്‍ പോലും രംഗത്ത്‌ വരുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

5

6

ഇ വാര്‍ത്ത അന്വേഷണ പരമ്പര തുടരും.

  1.  അമ്മയുടെ വിശുദ്ധനരകം ഒരു സ്വയം പ്രഖ്യാപിതരാജ്യം : മഠത്തിലെ സാമ്പത്തിക ക്രമക്കേടുകളുടെ ഉള്ളറകള്‍ തേടി ഇ-വാര്‍ത്തയുടെ അന്വേഷണ പരമ്പര തുടങ്ങുന്നു
  2. അമ്മയുടെ വിശുദ്ധനരകം അന്വേഷണപരമ്പര: മഠം ക്ലാപ്പന പഞ്ചായത്തിലെ 49 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ
  3. അമൃതാനന്ദമയി ട്രസ്റ്റിന്റെ വിദേശനിക്ഷേപം  രണ്ടായിരം കോടിയോളം :ശരാശരി വാര്‍ഷികവിദേശനാണ്യ വരവു എഴുപത്തിയഞ്ച് കോടി