അമ്മയുടെ വിശുദ്ധനരകം അന്വേഷണപരമ്പര: മഠം ക്ലാപ്പന പഞ്ചായത്തിലെ 49 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ

single-img
7 March 2014

സുധീഷ് സുധാകർ

അമൃതാനന്ദമയിയുടെ ആശ്രമം, തങ്ങള്‍ക്കു ചുറ്റും തീര്‍ത്ത ഭക്തിയുടെ മതിലിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.സി പി എമ്മിന്റെ ആലുംപീടിക ബ്രാഞ്ച് സെക്രട്ടറിയും വിവരാവകാശപ്രവര്‍ത്തകനുമായ വിജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന്‍ ഉത്തരവിട്ട പ്രകാരം ക്ലാപ്പന പഞ്ചായത്ത് സെക്രട്ടറി , LSGD വിംഗ് അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ മുഖേന ശേഖരിച്ച രേഖകളിലാണ് ഈ ക്രമക്കേടുകളുടെ വിവരങ്ങളുള്ളത്.ഈ രേഖകള്‍ ഉള്‍പ്പെടുത്തി പ്രസ്തുത പഞ്ചായത്ത്‌ സെക്രട്ടറി ഓംബുഡ്സ്മാന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ഇ വാര്‍ത്തയ്ക്കു ലഭിച്ചു.

ക്ലാപ്പന പഞ്ചായത്തില്‍ മാത്രം ഒരു എഞ്ചിനീയറിംഗ് കോളേജ്, ഏഴു ബോയ്സ് ഹോസ്ററല്‍ കെട്ടിടങ്ങള്‍ , അഞ്ചു വര്‍ക്ക്ഷോപ്പ് കെട്ടിടങ്ങള്‍,തൊഴിലാളികള്‍ക്ക് താമസിക്കാന്‍ 11 കെട്ടിടങ്ങള്‍,എട്ട് ഗോഡൌണുകള്‍,നാല് ഗേള്‍സ് ഹോസ്ററലുകള്‍ ,ഒരു സബ്സ്റ്റേഷന്‍,രണ്ടു മെസ്സ്,രണ്ടു പവര്‍ ഹൌസ് ബില്‍ഡിംഗ്, ഒരു ടി ബി ഐ(ടെക്നോളജി ബിസിനസ്സ് ഇന്ക്യുബെറ്റര്‍)  കെട്ടിടംഎന്നിങ്ങനെ തുടങ്ങി 49 കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചതായി ഈ രേഖകള്‍ പറയുന്നു.എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരെ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ല.

2005-06 വര്‍ഷം മുതല്‍ തൊഴില്‍ നികുതി നല്‍കുന്ന സ്ഥാപനങ്ങളാണ് എഞ്ചിനീയറിംഗ് കോളേജും ടി ബി ഐയും.എന്നിട്ട് പോലും ഇവയ്ക്കു പഞ്ചായത്തില്‍ നിന്നുള്ള ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല.മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ എന്ജിനീയറിംഗ് കോളേജ്,റ്റി ബി ഐ ബില്‍ഡിംഗ് , ഗേള്‍സ് ഹോസ്റ്റല്‍,ബോയ്സ് ഹോസ്റ്റല്‍ ,സബ്സ്റ്റേഷന്‍ എന്നീ കെട്ടിടങ്ങളുടെ രേഖകള്‍ ഗ്രാമപ്പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ച് 2010-ല്‍ ഹാജരാക്കിയെങ്കിലും മുന്കാലപ്രാബല്യത്തോടെ നിശ്ചയിച്ച നികുതി ഒടുക്കാന്‍ മഠം ഇതുവരെ തയ്യാറായിട്ടില്ല.കണക്കില്‍ കാണിച്ചതും കാണിക്കാത്തതുമായ കെട്ടിടങ്ങള്‍ക്കെല്ലാം കൂടി മുപ്പതു ലക്ഷത്തിലധികം രൂപാ പഞ്ചായത്തിനു തന്നെ നികുതി നല്‍കാനുണ്ട്.