പൊതുതിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്‍പ് സംസ്ഥാന പോലീസില്‍ അഴിച്ചുപണി നടക്കും എന്ന് സൂചന

single-img
15 February 2014

rishiപൊതുതിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്‍പ് സംസ്ഥാന പോലീസില്‍ അഴിച്ചുപണി നടത്തുന്നു എന്ന് സൂചന . ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനെ ക്രമസമാധാന ചുമതലയുള്ള തസ്തികയിലേക്ക് മാറ്റും. പോലീസ് ആസ്ഥാനത്തെ ഉന്നതരുമായി അഴിച്ചുപണി സംബന്ധിച്ച് മന്ത്രി രമേശ്‌ചെന്നിത്തല ചര്‍ച്ച നടത്തി. ഡി.ജി.പി റാങ്കിലുള്ളവര്‍ മുതല്‍ എസ്.പിമാരെ വരെ സ്ഥലംമാറ്റുന്നുണ്ട്. അവസാനഘട്ട മാറ്റങ്ങള്‍ക്കുശേഷം പട്ടിക മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി അയയ്ക്കും.

മോട്ടോര്‍വാഹനവകുപ്പില്‍ ജീവനക്കാരനായ കെ.പി.സി.സി ഭാരവാഹിയുടെ മരുമകനെ സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് ഋഷിരാജ്‌സിങ്ങിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ട്രാഫിക് ഐ.ജിയുടെ തസ്തിക എ.ഡി.ജി.പിയുടേതാക്കി ഉയര്‍ത്തി ഋഷിരാജ്‌സിങ്ങിനെ നിയമിക്കാനും ആലോചിക്കുന്നുണ്ട്. എന്നാല്‍ ചില മന്ത്രിമാര്‍ക്ക് ഇതില്‍ എതിര്‍പ്പുണ്ട്, ഋഷിരാജ് സിങ്ങിന് പകരമായി വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍.ശ്രീലേഖയെയും പരിഗണിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടപ്രകാരം ഒരേതസ്തികയില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയവരേയും സ്വന്തം ജില്ലയിലുള്ളവരേയും മാറ്റണമെന്നതിനാല്‍ ദക്ഷിണമേഖലാ അഡീ.ഡി.ജി.പി എ.ഹേമചന്ദ്രന് താത്കാലികമായി മറ്റൊരു ചുമതല നല്‍കിയേക്കും. ചില സോണല്‍ ഐ.ജിമാരെയും കമ്മീഷണര്‍മാരെയും മാറ്റുന്നതിനെക്കുറിച്ചും ചര്‍ച്ചകളുണ്ട്. തൃശൂര്‍ റൂറല്‍, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ, കാസര്‍കോട് അടക്കം ചില ജില്ലാ പോലീസ് സൂപ്രണ്ടുമാരെ മാറ്റിനിയമിക്കുന്നതും പരിഗണനയിലാണ്.