മോഡി ഇന്ത്യയുടെ പ്രതിനിധിയല്ലെന്നു സല്‍മാന്‍ ഖുര്‍ഷിദ്

single-img
12 February 2014

ഡല്‍ഹി : ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവലിനെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി സന്ദര്‍ശിക്കുന്നത് ഇന്ത്യയുടെ പ്രതിനിധിയായല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

2002 ലെ ഗുജറാത്ത് കലാപത്തിനു ശേഷം അമേരിക്ക മോഡിയുടെ വിസ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മോഡിക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നതിന്റെ ഭാഗമായി ഈ മാസം പതിമൂന്നിന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവലുമായി മോഡി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മോഡി ഒരിക്കലും ഇന്ത്യയുടെ പ്രതിനിധിയല്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പ്രതീകരിച്ചത്.

മുതിര്‍ന്ന രാഷ്ട്രീയനേതാക്കളെയും ബിസിനസുകാരെയും പരിചയപ്പെടാനുള്ള താത്പര്യംമാത്രമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നാണ് യു.എസ്.എംബസിയുടെ വിശദീകരണം. സന്ദര്‍ശനത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് വിദേശമന്ത്രാലയവും അറിയിച്ചു. ഒരു സുഹൃദ് രാഷ്ട്രത്തിന്റെ പ്രതിനിധി, രാജ്യത്തെ ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാവിനെ കാണണമെന്ന താത്പര്യം പ്രകടിപ്പിച്ചാല്‍വിദേശമന്ത്രാലയം അതിനുള്ള സൗകര്യം ചെയ്തു കൊടുക്കാറുണ്ട്- വിദേശമന്ത്രാലയവക്താവ് അക്ബറുദ്ദീന്‍ പറഞ്ഞു.