പശ്ചിമ ബംഗാളില്‍ സി പി എം അനുഭാവികളായ സ്ത്രീകളെ തൃണമൂല്‍ കോണ്ഗ്രസ്സ് പ്രവര്‍ത്തകര്‍ കൂട്ടബലാല്‍സംഗം ചെയ്തു

single-img
7 February 2014

ഹൌറ : പശ്ചിമ ബംഗാളിലെ ഹൌറ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ രണ്ടു സ്ത്രീകളെ എട്ടുപേരടങ്ങുന്ന അക്രമിസംഘം ക്രൂരമായി ബലാല്‍സംഗം ചെയ്തതായി പരാതി. ഈ സ്ത്രീകളെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇവരുടെ നില ഗുരുതരമായി തുടരുന്നു.

സി പി എം അനുഭാവികളുടെ കുടുംബത്തില്‍പ്പെട്ട ഒരു യുവതിയും അവരുടെ ഭര്‍ത്താവിന്റെ അമ്മായി ആയ സ്ത്രീയും ആണ്  ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ . സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട എട്ടുപേരും തൃണമൂല്‍ കോണ്ഗ്രസ് പ്രവര്‍ത്തകരാണ്. അതിലൊരാളായ ബരുണ്‍ മകല്‍ തൃണമൂല്‍ കോണ്ഗ്രസ്സിന്റെ ഒരു എം എല്‍ എയുടെ ഇലക്ഷന്‍ ഏജന്റ് ആണ്.

മുക്തിര്‍ചക്ക് എന്ന ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. സി പി എമ്മിന് സ്വാധീനം ഉണ്ടായിരുന്ന മേഖലയാണിത്.അവിടുത്തെ പഞ്ചായത്ത് ഇലക്ഷനില്‍ ഇടതു സ്വതന്ത്രനോട് പരാജയപ്പെട്ട ഒരു തൃണമൂല്‍ നേതാവിന്റെ പ്രതികാരമാണിതെന്നും റിപ്പോര്‍ട്ട് ഉണ്ട്.സി പി എം പ്രവര്‍ത്തകരായ ഇവരുടെ ഭര്‍ത്താക്കന്മാര്‍ തൃണമൂല്‍ അക്രമം ഭയന്ന് ഗ്രാമം വിട്ടു പോയിരുന്നു.സഹായിക്കാന്‍ മറ്റാരും ഇല്ലാത്ത ഈ സ്ത്രീകളെ രാത്രി വീട്ടിലേയ്ക്ക് ഇടിച്ചു കയറിയ എട്ടംഗ ഗുണ്ടാസംഘം ബലാല്‍സംഗം ചെയ്യുകയായിരുന്നു.

അക്രമത്തിനിടെ യുവതിയുടെ അമ്മ വീട്ടില്‍ നിന്നും ഇറങ്ങി ഓടി പോലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു.”പട്ടികള്‍ കൂട്ടമായി അക്രമിച്ചതുപോലെ ” ആയിരുന്നു ഈ സ്ത്രീകളുടെ അവസ്ഥയെന്ന് ഗ്രാമവാസികള്‍ പറയുന്നു.

ബംഗാളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമവും ഗൂണ്ടായിസവും വര്‍ദ്ധിച്ചു വരികയാണ്. ഭരണ കക്ഷിയുടെ പ്രവര്‍ത്തകര്‍ നേരിട്ട് ഉള്‍പ്പെട്ട ഈ കേസ് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തങ്ങള്‍ക്കു വോട്ട് ചെയ്യാത്തവര്‍ക്ക് നേരെ ഇത്തരം കാടന്‍ ആക്രമണങ്ങള്‍ അഴിച്ചു വിടും എന്ന ഭീഷണി സന്ദേശമാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇതിലൂടെ നല്‍കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.