തെലങ്കാന സംസ്ഥാന രൂപീകരണ ബില്ല് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

single-img
7 February 2014

telgaതെലങ്കാന സംസ്ഥാന രൂപീകരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ആന്ധ്രാവിഭജനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ബില്ലിന് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ബില്ല്‌ ഇനി പ്രസിഡന്റിന്‌ അയച്ചു കൊടുത്ത ശേഷം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.ബില്‍ അനുസരിച്ച് അടുത്ത പത്ത് വര്‍ഷത്തേയ്ക്ക് ഹൈദരാബാദ് തെലങ്കാനയുടെയും സീമാന്ധ്രയുടെയും പൊതു തലസ്ഥാനമായി നിലനിര്‍ത്തും. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന സീമാന്ധ്രയിലെ നേതാക്കളുടെ ആവശ്യത്തെ മന്ത്രിസഭ തള്ളി. സീമാന്ധ്രയിലെ പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിനുവേണ്ടി പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.ഹൈദരാബാദിന്റെ ക്രമസമാധാന ചുമതല ഗവര്‍ണര്‍ക്കായിരിക്കും.

ബില്ലിന് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം. തെലങ്കാന വിഷയത്തില്‍ ലോക്‌സഭ കഴിഞ്ഞ രണ്ടു ദിവസമായി സ്തംഭിച്ചതിനാല്‍ ലോക്‌സഭയില്‍ ബില്‍ പാസാകുന്ന കാര്യം സംശയകരമാണ്. ആന്ധ്രയില്‍ നിന്നുള്ള മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ , രാജ്യസഭയില്‍ കാര്യങ്ങള്‍ അത്ര വിഷമകരമായിരിക്കില്ലെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍ .നേരത്തേ കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരേ സീമാന്ധ്രയില്‍ നിന്നുള്ള നേതാക്കള്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീ​ം കോടതി തള്ളിയിരുന്നു. കേന്ദ്രത്തിന്റെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന്‌ സുപ്രീംകോടതി അറിയിച്ചു.