സ്ത്രീകളെ മനുഷ്യരായി കാണാത്ത ആം ആദ്മി പാര്‍ട്ടിക്ക് ഖാപ് പഞ്ചായത്തിന്റെ സ്വഭാവം : എ എ പി സ്ഥാപക മെമ്പര്‍ മധു ഭാദുരി രാജി വെയ്ക്കുന്നു

single-img
3 February 2014

സ്ത്രീകളോടുള്ള സമീപനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി എ എ പി സ്ഥാപക മെമ്പര്‍മാരിലൊരാളായ മധു ഭാദുരി പാര്‍ട്ടിയില്‍ നിന്നും  രാജി വെയ്ക്കുന്നു.വനിതാ നേതാക്കളെയും പാര്‍ട്ടി ബഹുമാനിക്കുന്നില്ല എന്നും അവര്‍ ആരോപിച്ചു.

പാര്‍ട്ടിയുടെ വിദേശനയങ്ങള്‍ തീരുമാനിക്കുന്ന പാനലില്‍ അംഗമായിരുന്നു മധു ഭാദുരി.ആം ആദ്മി പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന മാനുഷിക പരിഗണന പോലും ലഭിക്കുന്നില്ല എന്നാണു ഭാദുരിയുടെ ആരോപണം.

“പാര്‍ട്ടിയ്ക്ക് ഒരു ഖാപ്പ് പഞ്ചായത്തിന്റെ മനോഭാവം ആണുള്ളത്. സ്ത്രീകള്‍ക്ക് അതില്‍ ഒരു സ്ഥാനവുമില്ല. മറ്റു വനിതാ അംഗങ്ങള്‍ക്ക് ആത്മാഭിമാനം എന്നൊന്നുണ്ടെങ്കില്‍ ഈ പാര്‍ട്ടിയില്‍ നിന്നും രാജി വെയ്ക്കണം” ഭാദുരി പറയുന്നു.

പാര്‍ട്ടി വോട്ടുബാങ്ക് മുന്നില്‍ കണ്ടു നയങ്ങള്‍ മാറ്റുന്നു എന്ന് പറഞ്ഞ ഭാദുരി ആഫ്രിക്കന്‍ യുവതികളോട് നടത്തിയ നീതി നിഷേധത്തിന് പാര്‍ട്ടി മാപ്പ് പറയണം എന്നും ആവശ്യപ്പെട്ടു.പോര്‍ച്ചുഗലിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയിരുന്നു മധു ഭാദുരി.

രണ്ടാഴ്ചയ്ക്കിടെ പാര്‍ട്ടിക്കെതിരെ പരസ്യ ആരോപണങ്ങളും ആയി രംഗത്ത്‌ വന്ന രണ്ടാമത്തെ ദേശീയ നേതാവ് ആണ് മധു ഭാദുരി.നേരത്തെ എം എല്‍ എ കൂടി ആയ വിനോദ്കുമാര്‍ ബിന്നി പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു.എന്നാല്‍ ആരോപണങ്ങളെ പാര്‍ട്ടി നിഷേധിച്ചു. ആം ആദ്മി പാര്‍ട്ടി സ്ത്രീകളെ ബഹുമാനത്തോടെ കാണുന്നു എന്നും പാര്‍ട്ടി വക്താവ് അശുതോഷ് അറിയിച്ചു.