ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിച്ചത് ജനാധിപത്യപരമായല്ലെന്നു വിമതര്‍

single-img
29 January 2014

aam admy partyആം ആദ്മി പാര്‍ട്ടിയുടെ കേരളഘടകം രൂപീകരിച്ചത് ജനാധിപത്യപരമായല്ല എന്ന് ആം ആദ്മി വിമത വിഭാഗം.ദേശീയ തലത്തില്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ സ്ഥാപക മെമ്പര്‍മാര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ അറിയിക്കുക പോലും ചെയ്യാതെയാണ് ഇപ്പോള്‍ നിലവിലുള്ള മനോജ്‌ പദ്മനാഭന്റെ നേതൃത്വത്തിലുള്ള സംസ്ഥാനക്കമ്മിറ്റി രൂപീകരിച്ചത് എന്ന് കെ ടി ബാബുരാജിന്റെ നേതൃത്വത്തിലുള്ള വിമതര്‍ ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചു ആം ആദ്മി പാര്‍ട്ടി ഡെമോക്രാറ്റിക്‌ എന്നൊരു പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ് ഈ വിമതർ.

ആം ആദ്മി പാര്‍ട്ടി പിളര്‍ന്നു പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ചില ആം ആദ്മി പ്രവര്‍ത്തകര്‍ ഇ- വാര്‍ത്തയ്ക്കെതിരെ സൈബര്‍ കേസ് കൊടുക്കും എന്ന് ഭീഷണി മുഴക്കിയിരുന്നു.അതിന്റെ പശ്ചാത്തലത്തില്‍ ഇ വാര്‍ത്ത‍ നടത്തിയ അന്വേഷണത്തില്‍ ആണ് ബാബുരാജ് അടക്കമുള്ള വിമതരുടെ ഈ വെളിപ്പെടുത്തല്‍.2012 നവംബര്‍ 26-നു ആറു പേര്‍ അടങ്ങുന്ന ഇന്ത്യ എഗൈന്‍സ്റ്റ്‌ കറപ്ഷന്‍ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ഗോപാല്‍ രാജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്.അന്ന് തങ്ങള്‍ക്കു പാര്‍ട്ടിയുടെ രൂപീകരണത്തോടൊപ്പം സ്ഥാപക മെമ്പര്‍ എന്ന പദവിയും ലഭിച്ചിരുന്നു. കെ .ടി. ബാബുരാജ് എന്ന താനടക്കം എ .അജിത്‌കുമാര്‍ , കെ ആര്‍ അമല്‍രാജ് , വല്ലംകുളം ശശിധരന്‍ നായര്‍ , രാജേഷ്‌ ഭരത് ,റോയ് എന്നിങ്ങനെ ആറു പേര്‍ ആയിരുന്നു അന്ന് ഉണ്ടായിരുന്നത് എന്ന് ബാബുരാജ് പറയുന്നു.

എന്നാല്‍ 2013 ഫെബ്രുവരി രണ്ടിന് നടന്ന രഹസ്യയോഗത്തില്‍ പ്രശാന്ത് ഭൂഷണ്‍ ,ക്രിസ്റ്റീന എന്നീ രണ്ടു കേന്ദ്ര നേതാക്കള്‍ മനോജ്‌ പദ്മനാഭന്‍ അടങ്ങുന്ന കമ്മിറ്റിയെ സംസ്ഥാന സമിതി ആയി ജനാധിപത്യവിരുദ്ധമായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിനു പരാതിയും അയച്ചിരുന്നു.തങ്ങളെ പുറത്താക്കാന്‍ നിലവിലുള്ള സംസ്ഥാന സമിതിക്ക് അധികാരമില്ല എന്നും ബാബുരാജ് പറയുന്നു.ഈ നിലപാടുകള്‍ ആണ് തങ്ങളെ പുതിയൊരു പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്.ജില്ലാതലം മുതല്‍ ഉള്ള കമ്മിറ്റികള്‍ രൂപീകരിച്ച ശേഷം പാര്‍ട്ടി രജിസ്റ്റര്‍ ചെയ്ത് ആം ആദ്മി പാര്‍ട്ടി ഡെമോക്രാറ്റിക്കിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോകും എന്ന് വിമത വിഭാഗം പറഞ്ഞു

 

Related News:

1.കേരളത്തില്‍ ആംആദ്മി പിളര്‍ന്നു; എഎപി (ഡമോക്രാറ്റിക്) നിലവില്‍ വന്നു

2.ആം ആദ്മി ഡെമോക്രാറ്റിക് രൂപീകരിക്കാന്‍ പോകുന്നവരെ സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു :ആം ആദ്മി പാര്‍ട്ടി കേരള വക്താവ് കെ പി രതീഷ്