ദുബായ് മാരത്തണ്‍ ജനവരി 24-ന് നടക്കും

single-img
23 January 2014

dubaiലോകത്തിലെ മികച്ച നാലാമത്തെതെന്ന് കരുതുന്ന ദുബായ് മാരത്തണ്‍ ജനുവരി 24-ന് നടക്കും. ‘സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ദുബായ് മാരത്തണ്‍’ എന്ന പേരിലുള്ള മത്സരത്തിലെ ഒന്നാംസ്ഥാനക്കാര്‍ക്ക് രണ്ടുലക്ഷം യു.എസ്. ഡോളര്‍ വീതമാണ് സമ്മാനം നൽകുന്നത് . മാരത്തണ്‍ ഓട്ടത്തില്‍ ലോകനിലവാരം പുലര്‍ത്തുന്ന നാല്‍പ്പതോളം താരങ്ങള്‍ ദുബായില്‍ മത്സരിക്കും.വെള്ളിയാഴ്ച രാവിലെ ഏഴിന് മദീനത്ത് ജുമൈരിയയ്ക്ക് അടുത്തുവെച്ച് മാരത്തണ്‍ ഓട്ടം ആരംഭിക്കും. 42 കിലോമീറ്ററിലേറെയാണ് മാരത്തണില്‍ പങ്കെടുക്കേണ്ടവര്‍ താണ്ടേണ്ട ദൂരം. ഇതിനുപുറമേ പത്ത് കിലോമീറ്റര്‍ ദൂരത്തിനായി വേറെയും മത്സരമുണ്ട്. ഇത് രാവിലെ 7.15-ന് ആരംഭിക്കും. ‘ഫണ്‍ റണ്‍’ എന്ന പേരില്‍ രാവിലെ 11 മണിക്ക് പൊതുജനങ്ങള്‍ക്കായി മൂന്ന് കിലോമീറ്റര്‍ ദൂരത്തിനായി മറ്റൊരു മത്സരവും ഉണ്ട്. എല്ലാ വിഭാഗത്തിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സമ്മാനമുണ്ട്. യു.എ.ഇ. പൗരന്മാര്‍ക്കുമുണ്ട് പ്രത്യേക സമ്മാനങ്ങള്‍ .കഴിഞ്ഞവര്‍ഷം മാരത്തണില്‍ 2,411 പേരാണ് മത്സരിച്ചത്. പത്തുകിലോമീറ്റര്‍ ദൂരത്തിന് 11, 424 പേരും ഫണ്‍ റണ്ണിന് 6,002 പേരും ഉള്‍പ്പെടെ കഴിഞ്ഞതവണ പങ്കെടുത്ത ആകെ ഓട്ടക്കാര്‍ 19,837 പേരായിരുന്നു. 145 ല്‍ ഏറെ രാജ്യക്കാരാണ് 2013-ല്‍ വിവിധ വിഭാഗങ്ങളിലായി പങ്കെടുത്തത്. ഇത്തവണ അതിലും കൂടുതല്‍ പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എ.ഇ. അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചു .