സുനന്ദ കഴിച്ച അല്‍പ്രാക്സ് ഗുളികകള്‍ മരണകാരണമാകില്ല എന്ന് വിദഗ്ദ്ധര്‍

single-img
21 January 2014

sunandaസുനന്ദ പുഷ്കറിന്റെ മരണകാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മരുന്നുകളുടെ അമിത ഉപയോഗം ആണ്. അമിതമായ ഉത്കണ്ഠ തുടങ്ങിയ രോഗാവസ്ഥകളുടെ  ചികിത്സാര്‍ത്ഥം നല്‍കുന്ന അല്‍പ്രാക്സ് (അല്‍പ്രസോലാം) ഗുളികകളുടെ ഒഴിഞ്ഞ പാക്കറ്റുകള്‍ അവരുടെ മുറിയില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ഗുളികകള്‍ മാത്രം കഴിച്ചത് കൊണ്ട് മരണം സംഭവിക്കില്ല എന്നാണു വിദഗ്ദ്ധരുടെ അഭിപ്രായം.

അല്‍പ്രാസോലം  ഗുളികകള്‍ anxiolytic എന്ന വിഭാഗത്തില്‍പ്പെടുന്നവയാണ്.അമിതമായ ഭയം,ഉത്കണ്ഠ,വിഷാദം തുടങ്ങിയവ ഉള്ള രോഗികളുടെ ചികിത്സയ്ക്ക് ആണ് ഈ മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത്.മേല്‍പ്പറഞ്ഞ രോഗങ്ങളുടെ ചികിത്സയ്ക്ക്  WFSBP (World Federation of Societies of Biological Psychiatry ) അംഗീകരിച്ചിട്ടുള്ള പരിഹാരം ആണ് ഈ മരുന്നിന്റെ ഉപയോഗം.സനാക്സ് എന്നാണു ഇവയുടെ വിപണിയിലെ പേര്.

 

അല്‍പ്രാക്സ് ഗുളികകളുടെ അമിതോപയോഗം മൂലം തലചുറ്റല്‍ ,മയക്കം, താഴ്ന്ന രക്തസമ്മര്‍ദ്ദം,പേശികളുടെ ബലക്കുറവ്,ശ്വാസംമുട്ടല്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം.എന്നാല്‍ മരണം സംഭവിക്കുന്നത്‌ അത്യപൂര്‍വമാണ്.ഇതിന്റെ ഉപയോഗം മൂലം മരണം സംഭവിച്ച ഭൂരിഭാഗം കേസുകളിലും ഒപ്പം കൊക്കൈന്‍,മെത്തഡോണ്‍ തുടങ്ങിയ മയക്കുമരുന്നുകളും കൂടി ഉപയോഗിച്ചത് ( poly-drug use ) ആണ് മരണകാരണമായത് എന്ന് പറയുന്നുണ്ട്. മൊത്തം കേസുകളില്‍ ഒരു ശതമാനം മാത്രമേ ഈ മരുന്നിന്റെ മാത്രം ഉപയോഗം കൊണ്ട് മരണം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ.

ഈ സാഹചര്യത്തില്‍ കൂടുതല്‍ ദുരൂഹതകളിലേയ്ക്കാണ് സുനന്ദയുടെ ആട്ടോപ്സി റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.ശശി തരൂരിനെ ഇത് വരും ദിവസങ്ങളില്‍ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തില്‍ സംശയമില്ല