സലിം രാജിനെ ന്യായീകരിച്ചു മുഖ്യമന്ത്രി :കളമശ്ശേരിയിലേതു വെറും കുടുംബവഴക്ക്

single-img
20 January 2014

കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ ഗണ്മാന്‍ സലിം രാജിനെ ന്യായീകരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്‌.കളമശ്ശേരിയിലേത് നടന്നത് ഭൂമി തട്ടിപ്പല്ലെന്നും കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നുള്ള പകപോക്കലുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

2006ല്‍ ഇതേ കേസില്‍ അന്നത്തെ ഇടതു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി രാജേന്ദ്രന്‍ അന്വേഷണം നടത്തിയിരുന്നു. ഇത് ഒരു ക്രിമിനല്‍ സ്വഭാവമുള്ള കേസല്ലെന്നും സിവില്‍ കേസാണെന്നും റിപ്പോര്‍ട്ട് നല്‍കി. അന്ന് കുടുതല്‍ അന്വേഷണം നടത്താത്ത ഇടതുപക്ഷം ഈ സര്‍ക്കാര്‍ അന്വേഷണം നടത്തുമ്പോള്‍ വിമര്‍ശിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

കളമശ്ശേരി, കടകംപള്ളി ഭൂമി തട്ടിപ്പ് കേസുകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ആരോപിച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. കടകംപള്ളിയിലും കളമശ്ശേരിയിലും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത തട്ടിപ്പാണെന്ന് കോടിയേരി ആരോപിച്ചു. കേസിലെ പ്രതിയായ സലീംരാജിന് ഭൂമി ഇടപാടിനുള്ള പണം എവിടെ നിന്നു ലഭിച്ചു. കേസിലെ പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. കേസില്‍ ഫോണ്‍ കമ്പനികളെ പ്രതിചേര്‍ക്കാത്തത്ത് ദുരൂഹമാണ്-കോടിയേരി പറഞ്ഞു.

അതിനിടെ, വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സലീം രാജിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്ന് ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.