പുറത്താക്കിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെക്ക് യു.എസ്. വിലക്കേര്‍പ്പെടുത്തി

13 January 2014
വിസ നല്‍കുന്നത് ഒഴിവാക്കാന്‍ ദേവയാനിയുടെ പേര് വിസ-കുടിയേറ്റ വകുപ്പില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ നയതന്ത്രപരിരക്ഷ ഇല്ലാത്തതിനാല്‍ ദേവയാനിക്കെതിരെ ഉടന്‍ അറസ്റ്റുവാറന്റ് പുറപ്പെടുവിക്കുമെന്നും യു.എസ്. അറിയിച്ചു.ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് യു.എസ്. വക്താവ് ജന്‍ സാക്കി പറഞ്ഞു. ഫലത്തില്‍ ദേവയാനിയെ അസ്വീകാര്യയായ വ്യക്തിയായിട്ടായിരിക്കും യു.എസ്. പരിഗണിക്കുക. ദേവയാനിക്ക് കേസുകള്‍ സംബന്ധിച്ചുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമേ ഇനി യു.എസ്സില്‍ പ്രവേശിക്കാനാവൂ. അവരുടെ രണ്ട് കുട്ടികളെ വൈകാതെതന്നെ ഇന്ത്യയിലെത്തിച്ചേക്കും.അതിനിടെ, തനിക്കെതിരായ കേസ് തള്ളാന്‍ ദേവയാനി ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയെ സമീപിച്ചു. പൂര്‍ണ നയതന്ത്രപരിരക്ഷയുള്ളതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് ദേവയാനിയുടെ വാദം.