ചീഫ് വിപ്പായി ജോര്‍ജിനെ അംഗീകരിക്കാന്‍ കഴിയില്ല: കെ. മുരളീധരന്‍

single-img
18 December 2013

K. Muraleedharanനില്‍ക്കുന്നിടം തൊണ്ടുന്ന ആളാണ് ജോര്‍ജെന്നും സര്‍ക്കാര്‍ ചീഫ് വിപ്പായി പി.സി ജോര്‍ജിനെ അംഗീകരിക്കില്ലെന്നും എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍. ജോര്‍ജ് നല്‍കുന്ന വിപ്പ് നിയമസഭയില്‍ കീറിക്കളയുമെന്നും മുരളീധരന്‍ പറഞ്ഞു.

ബി.ജെ.പി നേതാവ് നരേന്ദ്ര മോഡിയുടെ ചിത്രമുളള ടീ ഷര്‍ട്ട് ഉയര്‍ത്തിക്കാണിച്ചതും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വിമര്‍ശിച്ചതും പൊറുക്കാനാവില്ല. ജോര്‍ജിനെ ഗവണ്‍മെന്റ് ചീഫ് വിപ്പായി കണക്കാക്കാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിച്ചതായും മുരളീധരന്‍ പറഞ്ഞു.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് കോട്ടയത്തു നടന്ന കൂട്ടയോട്ടം പി. സി ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തത് ചര്‍ച്ചയായിരുന്നു. തുടര്‍ന്നുളള വിവാദത്തിനിടെ ബിജെപിയുമായി കെ.കരുണാകരനും കെ. മുരളീധരനും സീറ്റുകച്ചവടം നടത്താന്‍ ശ്രമിച്ചവരാണെന്ന് ജോര്‍ജ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുരളീധരന്റെ വിമര്‍ശനം.