രഞ്ജന്‍ സോധിക്ക് ഖേല്‍ രത്‌ന; രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന

single-img
13 August 2013

rENJITHമലയാളി ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ്. രഞ്ജിത്തിനു പുറമേ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, ബാഡ്മിന്റണ്‍ താരവും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവുമായ പി.സിന്ധു എന്നിവരും അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. ഷൂട്ടിംഗ് താരം രഞ്ജന്‍ സോധിക്കാണ് ഈ വര്‍ഷത്തെ ഖേല്‍ രത്‌ന പുരസ്‌കാരം. അതേസമയം വോളിബോള്‍ താരം ടോം ജോസിന് ഇക്കുറിയും അര്‍ജുന അവാര്‍ഡ് ലഭിച്ചില്ല. ഒമ്പതാം തവണയാണ് ടോമിനെ പട്ടികയിലെത്തിയിട്ടും തഴഞ്ഞത്. കേരളത്തില്‍നിന്ന് രഞ്ജിത്ത് മഹേശ്വരിയെ മാത്രമാണ് പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട്

കോട്ടയം സ്വദേശിയായ രഞ്ജിത്ത് മഹേശ്വരി ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡിന് ഉടമയാണ്. കോട്ടയം ചാന്നാനിക്കാട് സ്വദേശിയാണ്. 2006 ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രഞ്ജിത്ത് 2007 ഏഷ്യന്‍ ചാമ്പന്‍ഷിപ്പ് ജേതാവ് കൂടിയാണ്. 2007 ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചെങ്കിലും ഫൈനലില്‍ കടക്കാന്‍ കഴിഞ്ഞില്ല. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സിലും 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും പങ്കെടുത്തു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടി. 2012 ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ സ്വര്‍ണം നേടി. പോള്‍ വോള്‍ട്ട് താരം വി.എസ്. സുരേഖയാണ് ഭാര്യ. ജിയാ രഞ്ജിത്ത് ഏക മകളാണ്.

ഡബിള്‍ ട്രാപ് ഷൂട്ടിംഗില്‍ ലോകകപ്പ് പദവി വിജയകരമായി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ള ഏകതാരമാണ് ഖേല്‍ രത്‌ന ലഭിച്ച 35 വയസുകാരനായ സോധി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടു വെള്ളിയും 2010 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും നേടിയിരുന്നു. അഭിനവ് ബിന്ദ്ര (2001-02), അഞ്ജല ഭാഗവത് (2002-03), ലെഫ്. കേണല്‍ രാജ്യവര്‍ധനന്‍ സിംഗ് റാത്തോഡ് (2004-05), മാനവ്ജിത്ത് സന്ധു (2006-07), ഗഗന്‍ നരംഗ് (2010-11), വിജയ് കുമാര്‍ (2011-12) എന്നിവരാണ് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചിട്ടുള്ള മറ്റ് ഷൂട്ടര്‍മാര്‍.