ബിഹാര്‍ ഭക്ഷ്യവിഷബാധ: പ്രധാനാധ്യാപിക ഒളിവില്‍

single-img
19 July 2013

bihar-political-mapബിഹാറിലെ സരണ്‍ ജില്ലയില്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍നിന്നു വിഷബാധയേറ്റു മരിച്ചകുട്ടികളുടെ എണ്ണം 23 ആയി. മഷ്‌റാഖ് ബ്ലോക്കിലെ ധര്‍മസതി ഗന്‍ഡാവന്‍ പ്രൈമറി സ്‌കൂളിലാണു ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രധാനാധ്യാപികയ്ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. 24 വിദ്യാര്‍ഥികളും സ്‌കൂളിലെ പാചകക്കാരിയായ മഞ്ജുദേവിയും പാറ്റ്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ സ്‌കൂള്‍ പരിസരത്തുതന്നെ ഒന്നിച്ച് അടക്കം ചെയ്തു. ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു വിദ്യാര്‍ഥികള്‍ മരിച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് എല്ലാവരുടെയും മൃതദേഹങ്ങള്‍ സ്‌കൂള്‍ പരിസരത്തുതന്നെ സംസ്‌കരിച്ചിരിക്കുന്നത്. തങ്ങളുടെ പിഞ്ചോമനകളുടെ മരണത്തിനു കാരണമായ സ്‌കൂള്‍ ഇനി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു രക്ഷിതാക്കള്‍ പറഞ്ഞു. ഗന്‍ഡാവന്‍ പ്രൈമറി സ്‌കൂള്‍ ഉച്ചഭക്ഷണം പാകംചെയ്യുന്നതിനാവശ്യമായ സാധനങ്ങള്‍ പ്രധാനാധ്യാപികയുടെ ഭര്‍ത്താവിന്റെ പലചര ക്കു കടയില്‍നിന്നാണ് എത്തിച്ചത്. ഭക്ഷണം പാകം ചെയ്യുന്നതിനായി ഉപയോഗിച്ച എണ്ണ കൊണ്ടുവന്നതു കീടനാശിനിയുടെ ടിന്നിലാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.