അധികാര വഴിയില്‍ മൂന്നാമൂഴവുമായി നവാസ്‌ ഷെരീഫ്‌

single-img
12 May 2013

പാകിസ്ഥാന്റെ ഭരണ നേതൃത്വം നവാസ്‌ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ മുസ്ലീം ലീഗിലേയ്‌ക്ക്‌. രാജ്യത്തെ 272 മണ്ഡലങ്ങളില്‍ 130 എണ്ണത്തില്‍ ആധിപത്യം നേടിയാണ്‌ നവാസിന്റെ പാര്‍ട്ടി അധികാരം പിടിച്ചത്‌. പാകിസ്ഥാന്റെ ചരിത്രത്തില്‍ മൂന്നു തവണ പ്രധാനമന്ത്രിയാകുന്ന ആദ്യ വ്യക്തി എന്ന നേട്ടമാണ്‌ നവാസ്‌ ഷെരീഫിനെ കാത്തിരിക്കുന്നത്‌.  പതിനാലു വര്‍ഷം മുന്‍പ്‌ പട്ടാള അട്ടിമറിയിലൂടെ അധികാരം നഷ്ടപ്പെട്ട നവാസ്‌ ഷെരീഫിന്റെ രാജകീയമായ തിരിച്ചുവരവാണ്‌ ഇത്തവണത്തെ വിജയം.
നവാസ്‌ ഷെരീഫ്‌ സര്‍ഗോധ മണ്ഡലത്തില്‍ നിന്ന്‌ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയപ്പോള്‍ മുന്‍ ക്രിക്കറ്റ്‌ താരവും പാകിസ്ഥാന്‍ തെഹ്രിക്‌ ഇ ഇന്‍സാഫ്‌ പാര്‍ട്ടിയുടെ നേതാവുമായ ഇമ്രാന്‍ ഖാനും മിന്നുന്ന വിജയപദത്തിലേറി. നവാസിന്റെയും ഇമ്രാന്റെയും പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നായിരിക്കും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.. ഇലക്ഷനില്‍ വോട്ടു ചെയ്യുന്നതില്‍ നിന്ന്‌ ജനങ്ങളെ പിന്തിരിപ്പിക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ വോട്ടു ചെയ്യാന്‍ ആളുകള്‍ ഒഴുകിയെത്തിയതോടെ തെരഞ്ഞെടുപ്പ്‌ വിജയകരമായി നടന്നു.