ധോണിച്ചിറകിലേറി കിംഗ്‌സ് സൂര്യനു മുകളില്‍

single-img
26 April 2013

ആറാം ഐപിഎല്ലിന്റെ 34 ാം മത്സരത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മാറി കളിച്ചപ്പോള്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ തറപറ്റിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയസ്മിതം തൂകി. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ചെന്നൈയുടെ സൂപ്പര്‍ ഹീറോ ആയി ഉദിച്ചുയര്‍ന്നപ്പോള്‍ സണ്‍ റൈസേഴിസിന്റെ ആഷിഷ് റെഡ്ഡിയുടെ ഹീറോയില്‍ നിന്ന് വില്ലനിലേയ്ക്കുള്ള പരിണാമമാണ് മത്സരഫലം നിര്‍ണയിച്ചത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തോല്‍ക്കുമെന്നുറപ്പിച്ചിടത്തു നിന്നാണ് അവസാന ഓവറില്‍ അഞ്ചു വിക്കറ്റ് ജയം സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. സ്‌കോര്‍ ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 160.

ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്‌സ് തുടക്കത്തില്‍ പതറിയെങ്കിലും വൈകാതെ താളം കണ്ടെത്തി. പരുക്കില്‍ നിന്ന് മുക്തനായി കളിക്കളത്തിലേയ്ക്ക തിരിച്ചെത്തിയ ശിഖര്‍ ധവാന്‍ അര്‍ദ്ധ ശതകവുമായി ടീമിനെ ഒറ്റക്ക് തോളിലേറ്റുന്ന കാഴ്ചയായിരുന്നു പിന്നീട്. എന്നാല്‍ 45 പന്തില്‍ 10 ബൗണ്ടറികളുടെ അകമ്പടിയോടെ 63 റണ്‍സ് നേടിയ ധവാന് വീണ്ടും പരുക്കേറ്റ് പുറത്താകാനായിരുന്നു വിധി. ധവാന്‍ കളം വിട്ടതിനു ശേഷം വീണ്ടുമൊരു തകര്‍ച്ച സണ്‍ റൈസേഴ്‌സ് മുന്നില്‍ കണ്ടു. മധ്യനിരയ്ക്ക സ്‌കോറിങ്ങ് വേഗം കൂട്ടാനാകാതെ അറച്ചു നിന്ന ബാറ്റിങ്ങിനു ഒടുവില്‍ താങ്ങായത് വാലറ്റക്കാരനായ ആഷിഷ് റെഡ്ഡിയുടെ വെടിക്കെട്ട് പ്രകടനം. 16 പന്തില്‍ രണ്ടു ഫോറും 3 സിക്‌സും പറത്തിയ ആഷിഷ് നേടിയ 36 റണ്‍സ് സണ്‍ റൈസേഴ്‌സിനെ 150 കടത്തി.
മറുപടി ബാറ്റിങ്ങില്‍ എത്ര വലിയ ലക്ഷ്യമായാലും ചെന്നൈയെ വിജയതീരത്തെത്തിക്കും എന്ന രീതിയില്‍ കളിച്ച ഓപ്പണര്‍മാരായ മൈക്ക് ഹസ്സിയും മുരളി വിജയും മികച്ച അടിത്തറയാണ് ടീമിനു നല്‍കിയത്. 65 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ അല്‍പം പതറിക്കളിച്ച മുരളി വിജയ് ആണ് ആദ്യം പുറത്തായത്. പുറകെ തന്നെ ഹസ്സിയും റെയ്‌നയും പുറത്തായതോടെ ചെന്നൈ അപകടം മണത്തു. നായകന്‍ ധോണിയും വന്ന പാടെ പതറുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. നേരിട്ട ആദ്യ ആറു പന്തുകളിലും റണ്‍സ് കണ്ടെത്താന്‍ ധോണിയ്ക്കു കഴിഞ്ഞില്ല. ധോണി ഏഴാമതായി നേരിട്ട പന്താണ് കളിയുടെ ഗതി തന്നെ മാറ്റിയത്. ഡെയ്ന്‍ സ്‌റ്റെയ്‌നിനെതിരെ നന്നായി ബുദ്ധിമുട്ടിയ ധോണി ഫൈന്‍ ലെഗ് ഫീല്‍ഡര്‍ക്ക് മനോഹരമായൊരു ക്യാച്ച് സമ്മാനിക്കുന്ന വക്കിലെത്തിയിരുന്നു. എന്നാല്‍ ക്യാച്ചെടുക്കാന്‍ ഒരുങ്ങി നിന്ന അമിത് മിശ്രയ്ക്ക് പിഴച്ചു. റണ്‍സെടുക്കും മുന്‍പേ ധോണിയെ പുറത്താക്കാനുള്ള അവസരം താഴെ വീണുടയുന്നത് അവിശ്വനിയമായി കണ്ടുനില്‍ക്കാനേ സണ്‍ റൈസേഴ്‌സിനു കഴിഞ്ഞുള്ളു. ധോണിയുടെ പേരിനു നേരെ ആദ്യ റണ്‍സ് എത്തിയതും ഈ പന്തിലായിരുന്നു. തുടര്‍ന്നങ്ങോട്ട് താളം കണ്ടെത്തിയ നായകന്‍ തുടക്കത്തിലെ വീഴ്ചകളെ കഴുകിക്കളുന്ന പ്രകടനം തന്നെ കാഴ്ചവച്ചു. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ജയിക്കാന്‍ 24 പന്തില്‍ 46 ആവശ്യമായിരുന്ന ചെന്നൈയെ ധോണി ഒറ്റയ്ക്ക് നയിച്ചു. മറ്റേ അറ്റത്ത് ഡ്വയിന്‍ ബ്രാവോ വിലപ്പെട്ട പന്തുകള്‍ പാഴാക്കുന്നതിലായിരുന്നു ശ്രദ്ധിച്ചത്. കരണ്‍ ശര്‍മ എറിഞ്ഞ 15 ാം ഓവറില്‍ ഒരു പന്തില്‍ പോലും റണ്‍ നേടാന്‍ ബ്രാവോയ്ക്ക് കഴിഞ്ഞില്ല. ബ്രാവോ പുറത്തായതിനു ശേഷമെത്തിയ രവീന്ദ്ര ജഡേജ നാലു പന്തുകള്‍ പാഴാക്കി ഒരു റണ്‍സുമായി പുറത്താകുമ്പോള്‍ 8 പന്തില്‍ 15 ആണ് ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിയാന്‍ ആഷിഷ് റെഡ്ഡി എത്തിയപ്പോള്‍ ലക്ഷ്യം ആറു പന്തില്‍ 15 റണ്‍സായി. ആഷിഷിന്റെ ആദ്യ പന്ത് വൈഡ് ആയപ്പോള്‍ രണ്ടാം പന്തില്‍ റണ്‍സ് നേടാന്‍ ധോണിക്കായില്ല, ലക്ഷ്യം 5 പന്തില്‍ 15 റണ്‍സ്. എന്നാല്‍ ധോണി എന്ന ബാറ്റ്മാന്‍ ആരാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. സമ്മര്‍ദ്ധത്തിനടിമപ്പെട്ട ആഷിഷിന്റെ അടുത്ത പന്ത് സിക്‌സിനു പറന്നു. സ്റ്റേഡിയം ആവേശത്തില്‍ പൊട്ടിത്തെറിക്കുന്നതിനിടയില്‍ അടുത്ത രണ്ടു പന്തുകളും ഫോറുകളായി അതിര്‍ത്തി വര കടന്നു,ജയം ചെന്നൈയ്ക്ക്. ബാറ്റിങ്ങില്‍ സണ്‍ റൈസേഴ്‌സിന്റെ രക്ഷകനായി അവതരിച്ച ആഷിഷ് റെഡ്ഡി മത്സരത്തിന്റെ അവസാന ഓവറില്‍ വില്ലനിലേയ്ക്ക് മാറി. ഇന്നിങ്ങ്‌സിന്റെ തുടക്കത്തില്‍ ഔട്ടാകുന്നതിന്റെ വക്കിലെത്തി തിരിച്ചു വന്ന ധോണിയാകട്ടെ താന്‍ സൂപ്പര്‍ ഫിനിഷര്‍ ആണെന്നത് ഒരിക്കല്‍ കൂടി തെളിയിച്ചു. 37 പന്തില്‍ 67 റണ്‍സ് ആണ് ധോണി നേടിയത്. ഏഴു ഫോറും നാലു സിക്‌സും ആ ഇന്നിങ്ങ്‌സിനു ചാരുതയായി. തന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ പ്രകടനത്തിന് കളിയിലെ താരമായും ധോണി തെരഞ്ഞെടുക്കപ്പെട്ടു.