ബുദ്ധ് സര്‍ക്യൂട്ടില്‍ കുതിച്ച വിജയാഘോഷം

single-img
26 March 2013

ആസ്‌ത്രേലിയയെ നിലംപരിശാക്കി നേടിയ വിജയം പാര്‍ട്ടി നടത്തി മാത്രം ആഘോഷിച്ചു തീര്‍ക്കാനുള്ളതല്ലല്ലോ. ക്രിക്കറ്റ് മൈതാനത്ത് പുല്‍ക്കൊടികളെ പ്പോലും പുളകം കൊള്ളിച്ച ചരിത്ര നിമിഷത്തിന്റെ ആഘോഷത്തിന്റെ ബാക്കി രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രാക്കിന്റെ സുഖം നുകര്‍ന്നാണ് ഇന്ത്യന്‍ താരങ്ങള്‍ ആസ്വദിച്ചത്. ഇന്ത്യയുടെ ഫോര്‍മുല വണ്‍ ട്രാക്കായ ന്യൂഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ചയാണ് ഇന്ത്യന്‍ താരങ്ങളെത്തിയത്. 

ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയും ബാറ്റിങ്ങ് ഇതിഹാസം സച്ചിന്‍ തെണ്ടുക്കറും യുവതാരങ്ങളായ വിരാട് കോലി, പ്രഗ്യാന്‍ ഓജ, ഇശാന്ത് ശര്‍മ, അജിന്‍ക്യ രഹാനെ എന്നിവരാണ് ബുദ്ധ് സര്‍ക്യൂട്ടിന്റെ വേഗപ്പെരുമ അടുത്തറിഞ്ഞത്. 5.14 കിലോമീറ്ററാണ് ബുദ്ധ് സര്‍ക്യൂട്ടിന്റെ ദൈര്‍ഘ്യം. ധോനി സ്വന്തം ബൈക്കായ എക്‌സ് 132 ഹെല്‍ക്യാറ്റിലാണ് ട്രാക്കിലൂടെ മൂളിപ്പറന്നത്. ദക്ഷിണേഷ്യയില്‍ ഈ ബൈക്ക് സ്വന്തമായുള്ള ഏക വ്യക്തി ഇന്ത്യയുടെ സ്വന്തം മഹിയാണ്. തന്റെ ബൈക്കില്‍ ബുദ്ധ് സര്‍ക്യൂട്ട് കറങ്ങിവരാനുള്ള അവസരം പ്രഗ്യാന്‍ ഓജയ്ക്കും നായകന്‍ നല്‍കി. ബുദ്ധ് സര്‍ക്യൂട്ടില്‍ ആദ്യ ഫോര്‍മുല വണ്‍ റെയ്‌സ് മത്സരത്തില്‍ ചെക്കേര്‍ഡ് ഫ്‌ലാഗ് വീശിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു ടാക്‌സി കാറിലാണ് ബുദ്ധിന്റെ സൗന്ദര്യം നുകര്‍ന്നത്. പേസര്‍ ഇശാന്ത് ശര്‍മ സ്വന്തം ഓഡി ആര്‍എക്‌സ്5 കാറിലും വിരാട് കോലി ഒരു സ്‌പോര്‍ട്‌സ് കാറിലും ബുദ്ധ് ചുറ്റിക്കറങ്ങി. ക്യാപ്റ്റന്റെ ബൈക്കിനു പിന്നാലെ ഇശാന്തിന്റെ കാറിലും പ്രഗ്യാന്‍ ഓജ ബുദ്ധ് സര്‍ക്യൂട്ടിന്റെ സുഖം നുകര്‍ന്നു.
സൂപ്പര്‍ ബൈക്കുകളുടെ സ്വന്തം കൂട്ടുകാരനായ ധോനി ബുദ്ധ് സന്ദര്‍ശിക്കാന്‍ കുറച്ച് വൈകിപ്പോയി എന്നാണ് പ്രതികരിച്ചത്. സൂപ്പര്‍ സ്‌പോര്‍ട് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തമായി ടീമുള്ള ധോനി സൂപ്പര്‍ സ്‌പോര്‍ട്‌സ് സീരീസ് നടക്കുമ്പോള്‍ തീര്‍ച്ചയായും വീണ്ടും ബുദ്ധിലെത്തുമെന്നും പറഞ്ഞു. ഹെല്‍ക്യാറ്റില്‍ ട്രാക്ക് ചുറ്റിയ അനുഭവം മികച്ചതായിരുന്നെങ്കിലും അടുത്ത തവണ സ്‌പോര്‍ട്‌സ് ബൈക്കില്‍ എത്താനാണ് ഇന്ത്യന്‍ നായകന്റെ തീരുമാനം.887294_524793957563413_1053167828_o