ദുബായില്‍ കുട്ടികളെ സ്‌കൂളിലയക്കാനായി ടാക്‌സി സര്‍വ്വീസിനു പ്രിയമേറുന്നു

single-img
25 March 2013

ദുബായ് : കുട്ടികളെ സ്‌കൂളിലെത്തിക്കാനും തിരികെ കൊണ്ടുവരാനുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) തുടക്കമിട്ട ടാക്‌സി സര്‍വ്വീസിനു രക്ഷിതാക്കള്‍ക്കിടയില്‍ ആവശ്യക്കാരേറുന്നു. സാധാരണ സ്‌കൂള്‍ ബസുകളിലുള്ളതിനേക്കാള്‍ കൂടുതല്‍ സുരക്ഷതിമാണെന്നതാണ് ചിലവ് കൂടുതലാണെങ്കിലും ടാക്‌സി സര്‍വീസിനെ ആശ്രയിക്കുന്നത് കൂടാന്‍ കാരണം. 2011 ന്റെ മധ്യത്തിലാണ് ആര്‍ടിഎ ടാക്‌സി സര്‍വ്വീസിനു തുടക്കമിട്ടത്. ഇതുവരെയായി 256 കുട്ടികള്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. തുടക്കം മുതല്‍ മികച്ച പ്രതികരണമാണ് ടാക്‌സി സര്‍വ്വീസിനു ലഭിക്കുന്നതെന്നു ദുബായ് ടാക്‌സി കോര്‍പ്പറേഷന്‍ ആക്റ്റിംഗ് സിഇഒ അഹ്മദ് അല്‍ ഹമാദി പറഞ്ഞു. സുരക്ഷിതത്വവും സ്വകാര്യതയും കൂടുതല്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗം ആളുകളാണ് കൂടുതലായും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ഥം മാത്രമല്ല മുതിര്‍ന്ന  സ്ത്രീകള്‍ക്കും മറ്റ് അടിയന്തര ഘട്ടങ്ങളിലും ഈ ടാക്‌സി സര്‍വ്വീസ് പ്രയൊജനപ്പെടുത്താന്‍ സാധിക്കും. നിലവില്‍ ഒരു ദിവസം 88 ട്രിപ്പുകളാണ് ഉള്ളത്. ആവശ്യകതയേറുന്നതിനനുസരിച്ച് കൂടുതല്‍ ടാക്‌സികള്‍ സര്‍വ്വീസിനെത്തിക്കാനാണ് തീരുമാനം. ആഴ്ചയിലുള്ളതോ മാസത്തിലോ വാര്‍ഷികമോ ആയ കരാറില്‍ ടാക്‌സി സര്‍വ്വീസ് ലഭിക്കും. തുടക്കത്തില്‍ 200 ദിര്‍ഹം ആണ് ബുക്കിങ്ങ് ചാര്‍ജ്. 25 ദിര്‍ഹം മിനിമം ചാര്‍ജ് ആയി ഈടാക്കും. നിഷ്ചിത ദൂരം കഴിഞ്ഞ് കിലോമീറ്ററിനു 1.71 ദിര്‍ഹം നല്‍കണം. വെയ്റ്റിംഗ് ചാര്‍ജ് ആയി ഒരു മിനിറ്റിനനു 50 ഫില്‍സ് ഈടാക്കുമ്പോള്‍ ഷാര്‍ജയിലേയ്ക്ക് പോകുന്നതിനു 20 ദിര്‍ഹം അധികം നല്‍കണം.
പ്രധാനമായും സ്ഥിരം ഒരേ റൂട്ടില്‍ യാത്ര ചെയ്യുന്ന ജോലിക്കു പോകുന്ന സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബങ്ങള്‍ എന്നിവരെ ഉദ്ദേശിച്ചാണ് ഈ ടാക്‌സി സര്‍വ്വീസിനു ആര്‍ടിഎ തുടക്കമിട്ടത്. ഇത് ലഭ്യമാക്കുന്നതിനു ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3 ലുള്ള ആര്‍ടിഎ കസ്റ്റമര്‍ സര്‍വ്വീസിലൂടെ അപേക്ഷിക്കാവുന്നതാണ്.