നവനീത് കൗര്‍ ധില്ലണ്‍ മിസ് ഇന്ത്യ 2013

single-img
25 March 2013

പാട്യാലയില്‍ നിന്നുള്ള ഇരുപതുകാരി നവ്‌നീത് കൗര്‍ ധില്ലണ്‍ ഈ വര്‍ഷത്തെ പോന്‍ഡ്‌സ് ഫെമിന മിസ് ഇന്ത്യ കീരീടം കരസ്ഥമാക്കി. വിശാഖ പട്ടണത്തില്‍ നിന്നുള്ള സോഫിത ധുലിപാല(20) ഫസ്റ്റ് റണ്ണറപ്പായപ്പോള്‍ ലഖ്‌നൗ സ്വദേശിയായ സോയ അഫ്‌റോസ്(18) സെക്കന്റ് റണ്ണറപ്പായി. സുവര്‍ണ ജൂബിലി നിറവിലാണ് ഇപ്രാവശ്യത്തെ മിസ് ഇന്ത്യ മത്സരം എന്നതും പ്രത്യേകതയാണ്.

അന്ധേരി യാഷ്‌രാജ് സ്റ്റുഡിയോയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 23 സുന്ദരിമാരാണ് ഇന്ത്യന്‍ അഴകുറാണിപ്പട്ടം നേടാനായി അരങ്ങിലെത്തിയത്. കരണ്‍ ജോഹര്‍, അസിന്‍, ഷിയാമക് ദവര്‍, യുവരാജ് സിങ്, റിതു കുമാര്‍, ചിത്രാംഗദ സിങ്, ജോണ്‍ എബ്രഹാം എന്നിവരാണ് വിധി നിര്‍ണയിച്ചത്. മുന്‍ ലോക സുന്ദരിമാരും ബോളിവുഡിലെ മുന്‍നിര നായികമാരുമായ ഐശ്വര്യ റായ് ബച്ചന്‍, പ്രിയങ്ക ചോപ്ര, നടന്‍മാരായ റിതേഷ് ദേശ്മുഖ്, വിവേക് ഒബ്‌റോയ്, അഭ്താബ് ശിവദാസാനി എന്നിവര്‍ ചടങ്ങിനു കൂടുതല്‍ തിളക്കം പകര്‍ന്ന് പരിപാടികള്‍ അവതരിപ്പിച്ചു.

പട്യാലയിലെ ഒരു ആര്‍മി ഉദ്യോഗസ്ഥന്റെ മകളായ നവ്‌നീത് കൗര്‍ നിലവില്‍ പഞ്ചാബി യൂണിവേഴ്‌സിറ്റിയില്‍ മാധ്യമ വിദ്യാര്‍ഥിനിയാണ്. പോന്‍ഡ്‌സ് ഫെമിന മിസ് ഇന്ത്യ ചണ്ഡീഗഡ് വിജയിയായി മത്സരത്തിനെത്തിയ നവ്‌നീത് ഫെമിന മിസ് ഗ്ലോയിങ് സ്‌കിന്‍ പട്ടവും സ്വന്തമാക്കി. മിസ് വേള്‍ഡ് മത്സരത്തില്‍ നവ്‌നീത് കൗര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.