ദൈവമേ, എന്തു കൊണ്ട് യുവരാജ് ?

single-img
20 March 2013

മനസ്ഥൈര്യം കൊണ്ട് നേരിടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നതിനു ലോകത്തിനു തന്നെ മാതൃകയാണ് യുവരാജ് സിങ്. അതുകൊണ്ടു തന്നെ അപൂര്‍വ്വമായൊരു കാന്‍സര്‍ ബാധയെ സധീരം പോരാടിത്തോല്‍പ്പിച്ച് ചിരിതൂകി നില്‍ക്കുക മാത്രമല്ല ചെയ്യേണ്ടതെന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ രക്ഷകന്റെ പരിവേഷമുള്ള യുവിക്കറിയാം. താന്‍ കടന്നു പോയ ഭയാനക സാഹചര്യങ്ങള്‍ നേരിടുന്ന മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്ന രീതിയിലേയ്ക്ക് സ്വന്തം ജീവിതത്തെ മാറ്റിയെടുത്തിരിക്കുകയാണ് അദേഹം. കാന്‍സര്‍ ബാധിച്ചവര്‍ക്ക് സഹായഹസ്തമാകാന്‍ ‘ യുവീകാന്‍ ‘ എന്ന പേരില്‍ യുവരാജ് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുകയാണ്. ഏറ്റവും ഒടുവിലായി കാന്‍സറിനെ തോല്‍പ്പിച്ച തന്റെ ജീവിത കഥ ലോകത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവ്. ‘ ദി ടെസ്റ്റ് ഓഫ് മൈ ലൈഫ് ‘ എന്ന പേരിട്ടിരിക്കുന്ന യുവിയുടെ ആത്മകഥ ന്യൂ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രകാശനം ചെയ്തു. മഹേന്ദ്ര സിങ് ധോണി, ഹര്‍ഭജന്‍ സിങ്, വിരേന്ദര്‍ സെവാഗ്, വിരാട് കോലി, ആര്‍. അശ്വിന്‍ തുടങ്ങി ഇന്ത്യന്‍ ടീമംഗങ്ങള്‍ മുഴുവന്‍ ചടങ്ങിനെത്തി.

യുവരാജുമൊത്തുള്ള സൗഹൃദ നിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ താരങ്ങളോരോരുത്തരും വേദിയിലെത്തി പങ്കിട്ടത് ചടങ്ങിനെ കൂടുതല്‍ ഹൃദ്യമാക്കി. കൂട്ടത്തില്‍ സദസിനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വാക്കുകളാണ്. ചികിത്സയ്ക്കു ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയ്ക്ക് മുന്‍പ് യുവിയുടെ മുന്‍പില്‍ നിന്ന് താന്‍ കരയുമെന്ന് ഭയപ്പെട്ടിരുന്നതായി സച്ചിന്‍ പറഞ്ഞു. ‘ലണ്ടനില്‍ യുവിയെ കാണാന്‍ പോകുന്നതിനു മുന്‍പ് ഇക്കാര്യം ഭാര്യ അഞ്ജലിയോടും പറഞ്ഞിരുന്നു. കണ്ടയുടനെ യുവിയെ കെട്ടിപ്പിടിച്ചു. പിന്നീട് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചപ്പോള്‍ യുവിയുടെ ഭാവം ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി, അവന്‍ തിരിച്ചുവന്നുവെന്ന് ‘ സച്ചിന്‍ പറഞ്ഞു. തന്റെ ഭാര്യ അഞ്ജലി യുവിയുമായി മെഡിക്കല്‍ വാക്കുകളില്‍ സംസാരിക്കുന്നതു കേട്ടപ്പോഴാണ് യുവി കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് തനിക്ക് പൂര്‍ണ്ണബോധമുണ്ടായതെന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ‘ യുവരാജ് എനിക്ക് കുഞ്ഞനിയനെപ്പോലെയാണ്. എന്തുകൊണ്ട് യുവിയ്ക്ക് രോഗം വന്നുവെന്ന് ഞാന്‍ തീര്‍ച്ചയായും ദൈവത്തോട് ചോദിക്കും’ വികാരാധീനനായി ക്രിക്കറ്റ് ദൈവം പറഞ്ഞു.


യുവരാജിനു കാന്‍സര്‍ ആണെന്ന കാര്യം ആദ്യമായി കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയതായി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പറഞ്ഞു. വിവരം പറഞ്ഞയാളോട് ഒരിക്കല്‍ കൂടി ഇക്കാര്യം ശരിയാണോ എന്ന് തിരക്കിയതായും മഹി പറഞ്ഞു. ഇന്ത്യയ്ക്ക് നിരവധി വിജയങ്ങള്‍ സമ്മാനിച്ച മഹി -യുവി കൂട്ടുകെട്ട് തങ്ങള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പങ്കുവെച്ച നിമിഷങ്ങളെക്കുറിച്ചും വേദിയില്‍ സംസാരിച്ചു. 2011ല്‍ ആസ്‌ത്രേലിയയ്‌ക്കെതിരെ ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഔട്ടായി പുറത്തേയ്ക്ക് പോകുകയായിരുന്ന ധോനി ,മത്സരം ജയിച്ച് തിരികെ വരാന്‍ ക്രീസില്‍ വച്ച് തന്നോട് പറഞ്ഞതായി യുവരാജ് ഓര്‍മ്മിച്ചു. താന്‍ ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ യുവരാജ് തന്നോട് പറഞ്ഞ വാക്കുകളും ഇന്ത്യന്‍ ക്യാപ്റ്റന്‍ സദസിനു മുന്നില്‍ ഓര്‍ത്തെടുത്തു. ‘ സിക്‌സടിച്ചാല്‍ മാത്രം കാര്യം നടക്കില്ല, മത്സരം ജയിപ്പിച്ചാലേ കൂടുതല്‍ അഭിനന്ദനം കിട്ടൂ.’ ആദ്യം യുവിയെ താങ്കളെന്നാണ് വിളിച്ചിരുന്നതെന്നും ക്രമേണ നിങ്ങള്‍ എന്നായെന്നും ഇപ്പോള്‍ നീ എന്നു വിളിക്കുന്നതിലേയ്ക്ക് തങ്ങളുടെ ബന്ധം വളര്‍ന്നതായും ധോനി പറഞ്ഞു.
യുവതാരം വിരാട് കോലി, ലോകകപ്പിനിടയില്‍ യുവിയുടെ മുറിയിലെത്തിയപ്പോള്‍ മരുന്നുകള്‍ അടുത്ത് വച്ചിരുന്ന് നിര്‍ത്താതെ ചുമയ്ക്കുന്ന യുവിയെ കണ്ടതിനെക്കുറിച്ചാണ് സംസാരിച്ചത്. ‘ചുമയ്ക്കാനുള്ള കാര്യം തിരക്കിയപ്പോള്‍ തനിക്ക് കാന്‍സര്‍ ആണെന്ന് യുവി മറുപടി പറഞ്ഞു. ആളുകളെ കളി പറഞ്ഞ്് പറ്റിക്കുന്ന യുവിയുടെ സ്ഥിരം സ്വഭാവമാണെന്നാണ് കരുതിയത്. തമാശ പറയാതെ എന്നു പറഞ്ഞ് റൂമില്‍ നിന്ന് ഞാന്‍ പോകുകയും ചെയ്തു.’ കോലി പറഞ്ഞു. കോലിയ്ക്ക് ‘ചിക്കൂ’ എന്ന ഇരട്ടപ്പേര് എങ്ങനെയാണ് വന്നതെന്ന അവതാരകയുടെ ചോദ്യത്തിനും യുവി മറുപടി പറഞ്ഞു. ‘ വിരാട് ടീമിലേയ്ക്ക് വന്നപ്പോള്‍ എനിക്ക് തോന്നിയത് അവന് ഒരു കുഞ്ഞു ബുള്‍ഡോഗിന്റെ ഛായയുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ചിക്കൂ എന്ന് വിളിച്ചത്. ഇപ്പോള്‍ ഏറ്റവും യോഗ്യനായ ബാച്ചിലര്‍ എന്ന സ്ഥാനമുള്‍പ്പെടെ എല്ലാകാര്യത്തിലും അവന്‍ തന്നെ കടത്തിവെട്ടിക്കഴിഞ്ഞു.’ യുവി പറഞ്ഞു.