ദേശീയ ചലച്ചിത്ര അവാര്‍ഡ് : മലയാളത്തിനു 13 പുരസ്‌കാരങ്ങള്‍

single-img
18 March 2013

അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പതിമൂന്നു അവാര്‍ഡുകളുടെ മേന്മയുമായി മലയാളം ഇത്തവണയും മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചു. മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് ആണ് മികച്ച മലയാള ചിത്രം. തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു കല്‍പ്പനയും ഹിന്ദി ചിത്രമായ വിക്കി ഡോണറിലെ അഭിനയത്തിനു ഡോളി അലുവാലിയയും മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ജനപ്രീതിയിലും കലാമൂല്യത്തിലും മുന്നിട്ട് നിന്ന ചിത്രത്തിനുള്ള പുരസ്‌കാരം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലും ഹിന്ദി ചിത്രമായ വിക്കി ഡോണറും പങ്കിട്ടു. ഒഴിമുറിയിലെ അഭിനയത്തിനു ലാലും ഉസ്താദ് ഹോട്ടലിലെ അഭിനയത്തിനു തിലകനു പ്രത്യേക ജൂറി പരാമര്‍ശത്തിനു അര്‍ഹരായി.

തിഗ്മാന്‍ഷു ധൂലിയ സംവിധാനം ചെയ്ത ‘പാന്‍ സിങ് തോമര്‍’ ആണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയത്. ഈ ചിത്രത്തിലെ അഭിനയത്തിനു ഇര്‍ഫാന്‍ ഖാനും മറാത്തി ചിത്രമായ അനുമതിയിലെ അഭിനയത്തിനു വിക്രം ഗോഖലെയും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. മറാത്തി ചിത്രമായ ദാംഗിലെ അഭിനയത്തിനു ഉഷാ യാദവ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ‘ദാംഗ്’ സംവിധാനം ചെയ്ത ശിവാജി ലോസന്‍ പാട്ടീല്‍ ആണ് മികച്ച സംവിധായകന്‍. വിക്കി ഡോണറിലെ അഭിനയത്തിനു അന്നു കപൂര്‍ മികച്ച സഹനടനായി.
‘കളിയച്ഛ’നിലെ പശ്ചാത്തല സംഗീതത്തിനു ബിജിപാല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച സംഭാഷണത്തിനു ‘ഉസ്താദ് ഹോട്ടലി’ലൂടെ അഞ്ജലി മേനോന് അവാര്‍ഡ് ലഭിച്ചു. ‘അന്നയും റസൂലും’ എന്ന ചിത്രത്തിലെ ശബ്ദലേഖനത്തിനു എസ്. രാധാകൃഷ്ണനു അവാര്‍ഡ് ലഭിച്ചു. എം.ഹരി കുമാര്‍ ശബ്ദ ലേഖകനുള്ള പുരസ്‌കാരം നേടി. രഞ്ജിത് സംവിധാനം ചെയ്ത ‘സ്പിരിറ്റ്’ ആണ് സാമൂഹിക പ്രസക്തിയുള്ള ചിത്രം. മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി ‘തനിച്ചല്ല ഞാന്‍’ തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി പ്രോത്സാഹന ചിത്രനുള്ള അവാര്‍ഡ് ജോഷി മാത്യുവിന്റെ ‘ബ്ലാക്ക് ഫോറസ്റ്റ’് നേടി. ‘നൂറ്റൊന്നു ചോദ്യങ്ങള്‍’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ശിവ ഹിന്ദി ചിത്രമായ ‘ചിറ്റഗോങ്ങിന്റെ’ സംവിധായകന്‍ ബേദബ്രത പെയ്‌നൊപ്പം നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം പങ്കിട്ടു. ‘നൂറ്റൊന്നു ചോദ്യങ്ങളിലെ’ അഭിനയത്തിനു മിനോണും ‘ദേഖ് ഇന്ത്യന്‍ സര്‍ക്കസ്’ എന്ന ചിത്രത്തിലഭിനയിച്ച വിരേന്ദ്ര പ്രതാപും മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം പങ്കിട്ടു.
‘ചിറ്റഗോങ്ങിലെ’ ബോലോ നാ എന്ന ഗാനമാലപിച്ച ശങ്കര്‍ മഹാദേവനാണ് മികച്ച പിന്നണി ഗായകന്‍. ഈ ഗാനത്തിനു വരികളെഴുതിയ പ്രസൂന്‍ ജോഷിയാണ് മികച്ച ഗാനരചയിതാവ്. ‘ആര്‍തി അന്‍കലേകര്‍തികേയര്‍’ എന്ന മറാത്തി ചിത്രത്തിലെ പല്‍കേം നാ മൂന്‍തൂം എന്ന ഗാനത്തിനു സംഹിത മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടു. തമിഴ് ചിത്രമായ വിശ്വരൂപത്തിനായി നൃത്തസംവിധാനം നിര്‍വഹിച്ച ബിര്‍ജു മഹാരാജ് ആണ് മികച്ച കൊറിയോഗ്രാഫര്‍.
ഒര്‍ജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഹിന്ദി ചിത്രമായ കഹാനിയിലൂടെ സുജോയ് ഘോഷ് സ്വന്തമാക്കി. അഡാപ്റ്റഡ് തിരിക്കഥയ്ക്കുള്ള പുരസ്‌കാരം ഓ മൈ ഗോഡ് എന്ന ചിത്രത്തിന് ഭവേഷ് മന്‍ഡാലിയയും ഉമേഷ് ശുക്ലയും നേടി.
ഇഷ്‌ക്‌സാദേ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനു പരിണീതി ചോപ്രയും ‘ ദേഖ് ഇന്ത്യന്‍ സര്‍ക്കസ്’ എന്ന ചിത്രത്തിലൂടെ തന്നിഷ്ട ചാറ്റര്‍ജിയും പ്രത്യേക ജൂറി പരാമര്‍ശത്തിനു അര്‍ഹരായി. ബംഗാളി ചിത്രമായ ചിത്രാംഗദയ്ക്ക് സംവിധായകന്‍ റിതുപര്‍ണ ഘോഷും ഹിന്ദി ചിത്രങ്ങളായ കഹാനി, ഗാംഗ്‌സ് ഓഫ് വാസപ്പയര്‍, ദേഖ് ഇന്ത്യന്‍ സര്‍ക്കസ്, തലാഷ് എന്നിവയിലെ അഭിനയത്തിനു നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും പ്രത്യേക ജൂറി അവാര്‍ഡ് നേടി.03082_177862