വിജേന്ദറുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസ് പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു

ബോക്സര്‍ വിജേന്ദര്‍ സിങിനു മയക്കുമരുന്നു നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ അനൂപ് സിങ് കഹ്ലോണ്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ജയിലിനുള്ളിലാണ് ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്.കഹ്ലോണിന്റെ മൊഹാലിയിലെ ഫളാററില് നിന്നും 130 കോടി രൂപയുടെ മയക്കു മരുന്നു പിടിച്ചെടുത്തതോടെയാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യപ്രതിയായ ഇയാള്‍ ജയിലില്‍ കുളിക്കുന്നതിനിടയില്‍ ലഭിച്ച കമ്പികഷ്ണം ഉപയോഗിച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്ന. എന്നാല്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ കഹ്ലോണ്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ ആത്മഹത്യശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.
മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് വിജേന്ദര്‍ സിങിനെ പ്രതി ചേര്‍ക്കണോ എന്ന കാര്യത്തില്‍ പഞ്ചാബ് പോലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വിജേന്ദറിനൊപ്പം രാം സിങ് എന്ന ബോക്സര്‍ക്കും മയക്കുമരുന്നു വിറ്റിട്ടുണ്ടെന്നാണ് കഹ്ലോണ്‍ പോലീസിനോടു പറഞ്ഞത്. രാം സിങും ഇക്കാര്യം പോലീസിനോട് സമ്മതിച്ചിരിക്കുകയാണ്.