സെല്ലുലോയ്ഡ് നിരപരാധി

single-img
28 February 2013

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ കെ.കരുണാകരനെതിരെ കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ യാതൊന്നുമില്ലെന്ന് കെ.മുരളീധരന്‍. മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ ജീവിതം പകര്‍ത്തിയ ചിത്രത്തെ വിമര്‍ശിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും അതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദേഹം പറഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പ് ചിത്രത്തിനെതിരെ അഭിപ്രായം പറഞ്ഞ് വിവാദത്തിനു തുടക്കം കുറിച്ച മുരളീധരന്‍ സിനിമ കണ്ടതിനു ശേഷമാണ് വിവാദം അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. കരുണാകരന്‍ എക്കാലത്തും കലാകാരന്‍മാരെ ആദരിച്ചിരുന്നു. കേരളത്തില്‍ ആദ്യമായി ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചതും അവശകലാകാരന്മാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് അദേഹമാണെന്നും മുരളീധരന്‍ അനുസ്മരിച്ചു.

ഒരു സിനിമയുടെ പബ്ലിസിറ്റിക്കായി കരുണാകരന്റെ പേര് മോശമായി ഉപയോഗിച്ചത് ശരിയായില്ലെന്നും ആയിരം കമലുമാര്‍ വിചാരിച്ചാലും കരുണാകരന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് കെ.മുരളീധരന്‍ ആദ്യം പ്രതികരിച്ചത്. ഇതിനെത്തുടര്‍ന്ന് സെല്ലുലോയ്ഡിനെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള വാദപ്രതിവാദങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവന്നു. യൂത്ത്‌കോണ്‍ഗ്രസ് ഐ വിഭാഗം സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററുകളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.
മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരന്‍ നിര്‍മ്മിച്ച ജെ.സി.ഡാനിയേലിനെ സാംസ്‌കാരിക മന്ത്രിയായിരുന്ന കെ.കരുണാകരനും വകുപ്പ് സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനും ഒതുക്കാന്‍ ശ്രമിച്ചുവെന്ന് സിനിമയില്‍ പരാമര്‍ശമുണ്ടെന്നായിരുന്നു ആരോപണം.