വനിത ക്രിക്കറ്റ് ലോകകപ്പ് : കിരീടം ഓസീസിന്

single-img
18 February 2013

തുടര്‍ച്ചയായ ആറാം കിരീട മധുരവുമായി ഓസീസ് വനിതകള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാം. ഇന്ത്യ ആതിഥ്യമരുളിയ വനിത ക്രിക്കറ്റ് ലേകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 114 റണ്‍സിന് തച്ചുതകര്‍ത്താണ് ആസ്‌ത്രേലിയ തങ്ങളുടെ ആറാം കിരീടം സ്വന്തമാക്കിയത്. ആസ്‌ത്രേലിയ ഉയര്‍ത്തിയ 260 റണ്‍സ് ലക്ഷ്യത്തിനു മറുപടിയായി 43.1 ഓവറില്‍ 145 റണ്‍സ് എടുത്തപ്പോഴേയ്ക്കും വിന്‍ഡീസിനു മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. സ്‌കോര്‍: ആസ്‌ത്രേലിയ 50 ഓവറില്‍ ഏഴിന് 259. വെസ്റ്റ് ഇന്‍ഡീസ് 43.1 ഓവറില്‍ 145. വനിത ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ആസ്‌ത്രേലിയ നേടിയത്.

മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ്സ് ഭാഗ്യം തുണച്ച ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ ജോഡി ഫീല്‍ഡ്‌സ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് ഓസീസ് ബാറ്റിങ്ങ് നിര കാഴ്ചവച്ചത്. ഓപ്പണിങ്ങ് മുതല്‍ മികച്ച കൂട്ടുകെട്ടുകളിലൂടെ കെട്ടുറപ്പുള്ള സ്‌കോറിലേയ്ക്ക് കുതിക്കുന്നതില്‍ അവര്‍ വിജയിച്ചു. ഓപ്പണര്‍ റേച്ചല്‍ ഹെയ്ന്‍സും വണ്‍ ഡൗണായിറങ്ങിയ ജെസ് കാമറൂണും നേടിയ അര്‍ദ്ധ ശതകങ്ങളാണ് മികച്ച സ്‌കോറിലേയ്ക്ക് ആസ്‌ത്രേലിയയെ നയിച്ചത്. ഹെയ്ന്‍സ് 89 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളുടെ അകമ്പടിയോടെ 52 റണ്‍സ് നേടിയപ്പോള്‍ 96 പന്തില്‍ എട്ടു ഫോറും രണ്ടു സിക്‌സും പറത്തിയ കാമറൂണ്‍ 75 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ആര്‍ക്കും അധിക സമയം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഓസീസ് മത്സരം തങ്ങളുടെ വരുതിയില്‍ നിന്നും ഒരിക്കല്‍ പോലും വിട്ടു കൊടുത്തില്ല. വിന്‍ഡീസ് കളിക്കാരില്‍ ഒരാള്‍ക്കു പോലലും 25 മുകളിലുള്ള സ്‌കോര്‍ നേടാനായില്ല.
അര്‍ദ്ധ ശതകവുമായി തിളങ്ങിയ ഓസീസ് താരം ജെസ് കാമറൂണ്‍ ആണ് കളിയിലെ താരം. ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറിയും മൂന്നു ഹാഫ് സെഞ്ച്വറിയും ഉള്‍പ്പെടെ 445 റണ്‍സും ആറു വിക്കറ്റും നേടിയ ന്യൂസിലാന്റിന്റെ സൂസി ബേറ്റ്‌സ് ആണ് ലോകകപ്പിലെ താരം.