വനിതാ ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായി

single-img
31 January 2013

ഇന്ത്യ ആതിഥ്യമരുളുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിന് തുടക്കമായി. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഓപ്പണര്‍മാരുടെ കരുത്തില്‍ മികച്ച സ്‌കോറിലേയ്ക്ക് കുതിക്കുകയാണ്. ടോസ്സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 30 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 131 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍.

ഓപ്പണര്‍മാരായ പൂനം റൗട്ടും(57) തിരുഷ് കാമിനിയും (61) നേടിയ അര്‍ദ്ധ ശതകങ്ങളാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. 78 പന്തില്‍ ആറു ഫോറുകളാണ് 56 റണ്‍സിനിടെ പൂനം റൗട്ട് നേടിയത്. 104 പന്തുകള്‍ നേരിട്ട കാമിനി ഏഴു ബൗണ്ടറികള്‍ നേടിക്കഴിഞ്ഞു. ഇരുവരും സെഞ്ച്വറി ലക്ഷ്യം വെക്കുകയാണ്.

രണ്ടു ഗ്രൂപ്പുകളിലായി ഒന്‍പതു ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഗ്രൂപ്പ് എ യില്‍ ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ബി ഗ്രൂപ്പില്‍ ആസ്‌ത്രേലിയ ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമാണ് മാറ്റുരയ്ക്കുന്നത്. അഞ്ചു വേദികളിലായി നടക്കുന്ന ലോകകപ്പിന്റെ കിരീടപ്പോരാട്ടം ഫെബ്രുവരി 17 ന് ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടക്കും.