വിഷമദ്യ ദുരന്തം : എക്‌സൈസിന് വീഴ്ച പറ്റി

മലപ്പുറം വിഷക്കള്ള് ദുരന്തത്തിന് കാരണം എക്‌സൈസ് വകുപ്പിനുണ്ടായ വീഴ്ചയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ദുരന്തം സംബന്ധിച്ച് അന്വേഷണം നടത്തിയ റിട്ടയേര്‍ഡ് ജഡ്ജി എം. രാജേന്ദ്രന്‍ നായര്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിഷക്കള്ള് വില്‍ക്കുന്നുവെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എക്‌സൈസ് വകുപ്പ് അവഗണിച്ചതാണ് ദുരന്തത്തിലേയ്ക്ക് നയിച്ചത്. കൂടാതെ ബിനാമികള്‍ വഴിയാണ് കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ജില്ലയില്‍ കുറ്റിപ്പുറം, തിരൂര്‍, കാളിക്കാവ് പ്രദേശങ്ങളിലാണ് 2010 സെപ്റ്റംബറില്‍ വിഷക്കള്ള് ദുരന്തമുണ്ടായത്. സംഭവത്തില്‍ 26 പേര്‍ മരിക്കുകയും എട്ടു പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. പെയിന്റ് നിര്‍മ്മാണത്തിനുപയോഗിക്കാന്‍ കൊണ്ടുവന്ന കേടായ സ്പിരിറ്റ് ചേര്‍ത്ത കള്ള് കുടിച്ചവരാണ് ദുരന്തത്തിനിരയായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കേടായ സ്പിരിറ്റ് കൂടാതെ രാസപദാര്‍ഥങ്ങളും മുഖ്യപ്രതി ദ്രവ്യനും കൂട്ടരും ചേര്‍ന്ന് കള്ളില്‍ കലര്‍ത്തിയിരുന്നു.