ഞാനൊപ്പമില്ലെങ്കിലും എന്റെ ഹൃദയമുണ്ട് കൂടെ : സച്ചിന്‍

single-img
2 January 2013

sachin-mussorrie-300ക്രിക്കറ്റ് ദൈവം ഏകദിനത്തില്‍ നിന്ന് വിരമിച്ചിരിക്കാം. എന്നാല്‍ ഇന്ത്യന്‍ ടീം തന്നെയാണ് ഇപ്പോഴും അദേഹത്തിന്റെ മനസ്സു നിറയെ . പാക്കിസ്ഥാനെതിരെ അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ ടീം ശക്തിയായി തിരിച്ചടിക്കുമെന്ന് സച്ചിന്‍ പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനത്തിനു ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

‘ ഞാന്‍ ഇപ്പോള്‍ ടീമിന്റെ ഭാഗമല്ല. എന്നാലും എന്റെ ഹൃദയം അവര്‍ക്കൊപ്പം തന്നെയാണ്. എല്ലായ്‌പ്പോഴും സപ്പോര്‍ട്ടുമായി ഞാനുണ്ടാകും. പാക്കിസ്ഥാനെതിരെ ഇന്ത്യ തിരിച്ചു വരുമെന്നതില്‍ യാതൊരു സംശയവുമില്ല. ‘ അദേഹം പറഞ്ഞു. എല്ലാവരില്‍ നിന്നും പ്രോത്സാഹനവും ആശംസകളും ശരിയായ പ്രതികരണങ്ങളും ടീമിനാവശ്യമാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ എല്ലാ പേര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും നല്‍കുന്നൊരു വര്‍ഷമാകട്ടെ 2013 എന്ന് തെണ്ടുല്‍ക്കര്‍ ആശംസിച്ചു. കരിയറിലുടനീളം തന്നെ സ്‌നേഹവും പ്രോത്സാഹനവും നല്‍കിയ എല്ലാവര്‍ക്കും അദേഹം നന്ദി പറഞ്ഞു.

ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം മസ്സൂറിയില്‍ കുടുംബവുമൊത്ത് ഒഴിവുകാലം ആഘോഷിക്കുകയായിരുന്നു സച്ചിന്‍. വളരെ നാളുകള്‍ക്ക് ശേഷം കുടുംബവുമൊത്ത് സമയം ചെലവഴിക്കാനായതിലും പ്രകൃതി ഭംഗി സമാധാനമായി ആസ്വദിക്കാന്‍ കഴിഞ്ഞതിലും സന്തോഷവാനാണെന്ന് സച്ചിന്‍ പ്രതികരിച്ചു.

‘ഇവിടെ എനിക്ക് സ്വകാര്യതയുണ്ടായിരുന്നു. അതിന് മാധ്യമങ്ങളോട് നന്ദി പറയുന്നു. ബാഡിമിന്റണ്‍ , ടേബിള്‍ ടെന്നീസ് , ടെന്നീസ് ബോള്‍ ക്രിക്കറ്റ് തുടങ്ങിയവ കളിക്കുകയും ടിവിയില്‍ ക്രിക്കറ്റ് കാണുകയുമായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം ‘ അദേഹം പറഞ്ഞു.