ദൈവമില്ലാതെ ദുരന്തമുഖം

single-img
31 December 2012

Cricket - India v Pakistan 1st ODI Chennaiചെന്നൈ: സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ദൈവം ഏകദിന മത്സരങ്ങള്‍ ഉപേക്ഷിച്ചതിന് ശേഷം ഇന്ത്യ കളിച്ച ആദ്യം മത്സരം തന്നെ അദേഹത്തിന്റെ അഭാവം എടുത്തുകാട്ടുന്നതായി. പത്ത് ഓവറുകള്‍ പിന്നിടുന്നതിന് മുന്‍പ് ഒന്നിന് പിറകെ ഒന്നായി അഞ്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റുകള്‍തെറിച്ചപ്പോള്‍ സച്ചിനുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ ആരാധകനും കൊതിച്ചു. പാക്കിസ്ഥാന്റെ സ്വിങ് ബൗളിങ്ങിനു മുന്നില്‍ മറുപടിയില്ലാതെ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നടിഞ്ഞത് അത്രമേല്‍ ഭീകരമായിരുന്നു. 9.4 ഓവറില്‍ 29/5 എന്ന നിലയിലേയ്ക്ക് ഇന്ത്യ കൂപ്പുകുത്തിയപ്പോള്‍ സച്ചിന്‍ ഇല്ലാതെ തങ്ങള്‍ ഒന്നുമല്ലെന്ന് ടീം തെളിയിക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് കാണികള്‍ക്ക് തോന്നിയത്.

ക്യാപ്റ്റന്റെ റോള്‍ അതിമനോഹരമായി നിര്‍വചിച്ച് മഹേന്ദ്ര സിങ് ധോണി പുറത്താകാതെ നേടിയ സെഞ്ച്വറിയ്ക്കും (125 പന്തില്‍ 113) പരാജയത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനായില്ല. തകര്‍ച്ചയില്‍ നിന്ന് സുരേഷ് റെയ്‌നയെയും (43) അശ്വിനെയും (31) കൂട്ടു പിടിച്ച് ധോണി നടത്തിയ പോരാട്ടം ആറിന് 227 എന്ന ഭേദപ്പെട്ട സ്‌കോറില്‍ ഇന്ത്യയെ എത്തിച്ചു. എന്നാല്‍ നാസിര്‍ ജംഷേദിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ അധികം പ്രയാസപ്പെടാതെ പാക് ടീം വിജയലക്ഷ്യം കൈവരിച്ചു.
മഴ കാരണം ദിവസങ്ങളോളം മൂടിയിട്ടിരുന്ന ചെന്നൈയിലെ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ പാകിസ്ഥാന്‍ ബാറ്റിങ്ങിനയക്കുകയായിരുന്നു. പിച്ച് ബാറ്റിങ്ങിനനുകൂലമല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യന്‍ ടീമിന്റെ പ്രകടനം. സ്‌കോര്‍ ബോര്‍ഡില്‍ 17 റണ്‍സ് എത്തിയപ്പോഴേയ്ക്കും വിരേന്ദര്‍ സെവാഗിനെ ക്ലീന്‍ ബൗള്‍ഡാക്കി ജുനൈദ് ഖാന്‍ ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. തുടര്‍ന്നങ്ങോട്ട് വിക്കറ്റുകളുടെ പ്രവാഹമായിരുന്നു. മുഹമ്മദ് ഇര്‍ഫാന്റെ മനോഹരമായൊരു പന്തില്‍ ഗൗതം ഗംഭീറും പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. വിരാട് കോലിയെ പൂജ്യത്തിന് പുറത്താക്കിയ ജുനൈദ് യുവരാജിന്റെയും ബെയ്ല്‍സ് തെറിപ്പിച്ചു. അടുത്തതായി രോഹിത് ശര്‍മയെ മുഹമ്മദ് ഹഫീസിന്റെ കൈകളിലെത്തിച്ച് ജുനൈദ് തന്റെ വിക്കറ്റ് നേട്ടം നാലാക്കി. നൂറു റണ്‍സ് പോലും തികയ്ക്കാതെ ഇന്ത്യ പുറത്താകുമെന്ന് ഭയന്ന ഘട്ടത്തില്‍ ധോണി സുരേഷ് റെയ്‌നയുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.ആറാം വിക്കറ്റില്‍ 23.4 ഓവറില്‍ 73 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പാണ് ഇരുവരും ഉയര്‍ത്തിയത്.

റെയ്‌ന പുറത്തായതിന് ശേഷമെത്തിയ അശ്വിനെ കൂട്ടുപിടിച്ച് 125 റണ്‍സിന്റെ റെക്കോര്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പ് ഉയര്‍ത്താന്‍ ക്യാപ്റ്റന്‍ ധോണിയ്ക്ക് കഴിഞ്ഞതോടെ 227 എന്ന മെച്ചപ്പെട്ട നിലയിലെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ചെന്നൈയിലെ ചൂടില്‍ നാല്‍പ്പത് ഓവര്‍ ബാറ്റ് ചെയ്ത ധോണി സമ്മര്‍ദ്ദത്തിനെയും പരിക്കിനെയും അതിജീവിച്ച് നടത്തിയ പ്രകടനം അദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതാണ്. ഏകദിന കരിയറില്‍ 7000 റണ്‍സ് എന്ന നാഴികക്കല്ലും ധോണി ഇന്നലെ കീഴടക്കി.

പാക് ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത് ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. മുഹമ്മദ് ഹഫീസിനെ പൂജ്യത്തിന് പുറത്താക്കിയ കുമാര്‍ തന്നെ അസര്‍ അലിയെയും പുറത്താക്കിയെങ്കിലും നാസിര്‍ ജംഷേദും (132 പന്തില്‍ 101) യൂനിസ് ഖാനും(60 പന്തില്‍ 58) ചേര്‍ന്ന് പാക്കിസ്ഥാനെ കരകയറ്റി. യൂനിസ് ഖാനെ ഡിന്‍ഡയും മിസ്ബ ഉള്‍ ഹഖിനെ ഇശാന്ത് ശര്‍മയും പുറത്താക്കി. പുറത്താകാതെ നിന്ന ജംഷേദ് ഷോയിബ് മാലികിനൊപ്പം(34) ചേര്‍ന്ന് 48.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന്‍ 1-0 ന് മുന്നിലെത്തി. ജനുവരി മൂന്നിന് കൊല്‍ക്കത്തയിലാണ് അടുത്ത മത്സരം.