“അമാനത്ത്‌ “യാത്രയായി

single-img
29 December 2012

Gangrape_victim19244പ്രാര്‍ഥനകളും ആശീര്‍വാദങ്ങളും വിഫലം.കൂട്ടമാനഭംഗത്തിനിരയായി രണ്ടാഴ്‌ചയോളം മരണത്തോട്‌ മല്ലടിച്ച ഇന്ത്യയുടെ പ്രിയമകള്‍ വിട പറഞ്ഞു. സിംഗപ്പൂരിലെ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15 നായിരുന്നു മരണം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ്‌ മരണകാരണമെന്ന്‌ ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
മരണത്തിന്‌ കീഴടങ്ങിയെങ്കിലും ഇന്ത്യന്‍ മനസ്സുകളില്‍ പ്രതിഷേധത്തിന്റെ തീ നാളം ബാക്കിയാക്കിയാണ്‌ അമാനത്ത്‌ എന്ന്‌ ജനമനസ്സുകളില്‍ അറിയപ്പെട്ട പെണ്‍കുട്ടി യാത്രയായത്‌… സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ ശക്തമായ നിയമസംവിധാനം വേണമെന്ന ആവശ്യമുന്നയിച്ച്‌ ഡല്‍ഹിയിലും മറ്റ്‌ ഇന്ത്യന്‍ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ തുടരുന്നു.  ഡല്‍ഹിയില്‍ രാഷ്ട്രപതിഭവനു മുന്നില്‍ നടന്ന പ്രതിഷേധങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചു.
രണ്ട്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌ വിദഗ്‌ദ ചികിത്സയ്‌ക്കായി പെണ്‍കുട്ടിയെ സിംഗപ്പൂരിലേയ്‌ക്ക്‌ കൊണ്ട്‌ പോയത്‌. മൂന്ന്‌ മേജര്‍ ശസ്‌ത്രക്രിയകള്‍ക്ക്‌ വിധേയയായ പെണ്‍കുട്ടിയ്‌ക്ക്‌ തലച്ചോറിലും മാരകമായ പരുക്കേറ്റിരുന്നു. കൂടാതെ സിംഗപ്പൂരിലേയ്‌ക്ക്‌ മാറ്റുന്നതിന്‌ മുന്‍പ്‌ ഹൃദയാഘാതവും ഉണ്ടായി. ഭീകരമായ പരിക്കുകളേറ്റു വാങ്ങിയ പെണ്‍കുട്ടി ജീവിതത്തിലേയ്‌ക്ക്‌ മടങ്ങിവരാനുള്ള ധീരമായ പോരാട്ടമാണ്‌ ഇക്കഴിഞ്ഞ പതിമൂന്ന്‌ ദിവസവും നടത്തിയത്‌. എന്നാല്‍ ശരീരത്തിലേറ്റ മുറിവുകള്‍ അവളെ കീഴ്‌പ്പെടുത്തി. മൗണ്ട്‌ എലിസബത്ത്‌്‌ ആശുപത്രിയില്‍ വെച്ച്‌ നില മോശമാകുകയും ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്‌ക്കുന്ന അവസ്ഥയിലേയ്‌ക്ക്‌ എത്തുകയുമായിരുന്നു. മരണ സമയത്ത്‌ മാതാപിതാക്കള്‍അടുത്തുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന്‌ രാത്രി ഡല്‍ഹിയില്‍ എത്തിക്കും.
ഡിസംബര്‍ 16നാണ്‌ ദക്ഷിണ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്‌.. അറസ്റ്റിയായ ആറു പ്രതികളുടെ വിചാരണ ജനുവരി മൂന്നിനാരംഭിക്കും.