രാജ്യസഭയില്‍ ബിഎസ്പി വോട്ട് സര്‍ക്കാരിന്

single-img
6 December 2012

ചില്ലറവ്യാപാര മേഖലയിലെ വിദേശ നിക്ഷേപ വിഷയത്തില്‍ യുപിഎ സര്‍ക്കാരിനു സമ്പൂര്‍ണ വിജയം ഉറപ്പായി. യുപിഎക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ 15 എംപിമാരുള്ള ബിഎസ്പി കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്യുമെന്നു നേതാവ് മായാവതി ഇന്നലെ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. ലോക്‌സഭയിലേതു പോലെ രാജ്യസഭയിലും വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുമെന്നു ഒമ്പത് എംപിമാരുള്ള സമാജ്‌വാദി പാര്‍ട്ടിയും ഇന്നലെ പരസ്യമായി പ്രഖ്യാപിച്ചു. മായാവതിയുടെ തന്ത്രപരമായ പ്രഖ്യാപനത്തിലൂടെ, രാജ്യസഭയില്‍ ഇന്നു നടക്കുന്ന വോട്ടെടുപ്പിലും പ്രതിപക്ഷ പ്രമേയം തള്ളപ്പെടുമെന്നു തീര്‍ച്ചയായി. ഇതോടെ ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം വൈകാതെ യാഥാര്‍ഥ്യമാകുമെന്നും ഉറപ്പായിട്ടുണ്ട്. ഇതോടൊപ്പം ഏറെക്കാലമായി തടസപ്പെട്ട സാമ്പത്തിക ഉദാരവത്കരണ നടപടികള്‍ക്കു ഗതിവേഗം കൂടും. ഇന്‍ഷ്വറന്‍സ്, ബാങ്കിംഗ് ഭേദഗതി അടക്കമുള്ള വിവാദ ബില്ലുകള്‍ പാസാക്കാനും മായാവതി സഹായിക്കുമോ എന്നതാകും ഇനി ശ്രദ്ധേയമാകുക.