മുന്‍മന്ത്രി തോമസ് ഐസക്കിനെതിരേ വിജിലന്‍സ് അന്വേഷണം

single-img
23 November 2012

കഴിഞ്ഞ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ടി.എം തോമസ് ഐസക്കിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തോമസ് ഐസക്കുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേയാണ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. കശുവണ്ടി മുതലാളിമാര്‍ക്ക് അനധികൃതമായി സാമ്പത്തിക ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാരിന് 96.87 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് അന്വേഷണം. വാണിജ്യ നികുതി നിയമം ലംഘിച്ചാണ് ഇളവ് നല്‍കിയതെന്നാണ് പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി വേണുഗോപാലിന്റെ ആരോപണം. പ്രാഥമിക അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം. അതേസമയം കശുവണ്ടി മുതലാളിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയായതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റില്‍ ഉള്‍പ്പെടുത്തി ഇളവു നല്‍കിയതെന്ന് തോമസ് ഐസക് പറഞ്ഞു. അന്വേഷണം വരട്ടെയെന്നും അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.