കൊച്ചി മെട്രോ: മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരേ പി. രാജീവ്

single-img
30 October 2012

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന മുഖ്യന്ത്രിയുടെ ആരോപണത്തിനെതിരേ പി. രാജീവ് എംപി രംഗത്ത്. 2009 ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും എംപിമാരും നേരിട്ട് പ്രധാനമന്ത്രിയെക്കണ്ട് മെട്രോയ്ക്ക് മന്ത്രിസഭയുടെ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനുശേഷം തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി ഫോണില്‍ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ മെട്രോയ്ക്ക് മാത്രം അനുമതി നല്‍കുകയായിരുന്നുവെന്ന് പി. രാജീവ് ആരോപിച്ചു. മെട്രോയ്ക്കായി ഇടതു സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങള്‍ മൂലം അനുമതി നല്‍കാതിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 2009 ഫെബ്രുവരിയില്‍ തന്നെ മെട്രോയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണമെന്ന് ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടതിന് സര്‍ക്കാര്‍ രേഖകള്‍ തെളിവാണെന്നും പി. രാജീവ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ മെട്രോയ്ക്കായി ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു. അന്നു മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി.