സൈന ക്വാര്‍ട്ടറില്‍

single-img
19 October 2012

രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സൈന നെഹ്‌വാള്‍ ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറിലേക്കു മുന്നേറി. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ മിനാറ്റ്‌സു മിറ്റാനിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു മറികടന്നാണ് സൈന ഒളിമ്പിക്‌സിനുശേഷമുള്ള ഇടവേളയ്ക്കു വിരാമമിട്ടത്. ലണ്ടന്‍ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ താരം 21-15, 21-14 നാണ് ജപ്പാന്‍ താരത്തിന്റെ വെല്ലുവിളി രണ്ടാം റൗണ്ടില്‍ അവസാനിപ്പിച്ചത്. 20 മിനിറ്റുകൊണ്ട് എതിരാളിയെ നിലംപരിശാക്കിയ സൈന ആദ്യ സെറ്റില്‍ 11-4 വരെ ലീഡോടെ മുന്നേറി. 10-11 ന് എതിരാളി അടുത്തെത്തിയെങ്കിലും സെറ്റുനേടാന്‍ ഇന്ത്യന്‍ താരം മിനാറ്റ്‌സുവിനെ അനുവദിച്ചില്ല. രണ്ടാം സെറ്റിലും മിനാറ്റ്‌സുവിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്നതോടെ സൈന ക്വാര്‍ട്ടറിലേക്കു മുന്നേറി.