വധേരയുടെ സ്വത്ത് 600 ഇരട്ടിയായതായി ആരോപണം

single-img
5 October 2012

പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരക്കെതിരെ അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ 31 സ്ഥലങ്ങള്‍ വധേര അനധികൃതമായി വാങ്ങിയെന്നാണ് കെജ്‌രിവാളിന്റെ പ്രധാന ആരോപണം. 50 ലക്ഷം രൂപ മൂലധനമുളള കമ്പനിയാണ് വധേരയുടേത്. ഈ കമ്പനി 300 കോടിയുടെ വസ്തുവകകള്‍ സ്വന്തമാക്കിയെന്നും കെജ്‌രിവാള്‍ ആരോപിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

ആരോപണത്തെക്കുറിച്ച് കോണ്‍ഗ്രസ് വിശദീകരിക്കണമെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ്. ഡല്‍ഹിയില്‍ സ്ഥലം വാങ്ങാനുളള പണം എവിടെ നിന്നു വന്നെന്നും വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ മരുമകനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ സോണിയാ ഗാന്ധി നേരിട്ട് രംഗത്തുവന്നത് ശ്രദ്ധേയമായി. റോബര്‍ട്ട് വധേരയുടെ കുടുംബം പരമ്പരാഗതമായി ബിസിനസുകാരാണെന്നും തന്റെ ഓഫീസിന്റെ സ്വാധീനം ഒരുതരത്തിലും അദ്ദേഹം ഉപയോഗിച്ചിട്ടില്ലെന്നും സോണിയ വ്യക്തമാക്കി. ആരോപണത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയ നിര്‍ദേശവും നല്‍കി.