സര്‍ക്കാരിന്റെ പൊള്ള വാഗ്ദാനത്തിനെതിരെ യേശുദാസ്

single-img
2 October 2012

സര്‍ക്കാരിന്റെ പൊള്ളവാഗ്ദാനത്തിനെതിരെ ഗായകന്‍ യേശുദാസ് രംഗത്ത്. കേള്‍വിശക്തിയില്ലാത്ത കുട്ടികളുടെ ശസ്ത്രക്രിയയ്ക്കായി പണം നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യേശുദാസിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയും സര്‍ക്കാരും സംയുക്തമായാണ് ജന്‍മനാ കേള്‍വിശക്തിയില്ലാത്ത 200 കുട്ടികള്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയയ്ക്കാവശ്യമായ രൂപയില്‍ രണ്ട് ലക്ഷം രൂപ സര്‍ക്കാരും സാമൂഹ്യസേവന വകുപ്പും നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ലെന്ന് യേശുദാസ് ചൂണ്ടിക്കാട്ടി. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നതാണ് സര്‍ക്കാര്‍ സമീപനം. ചുവപ്പുനാടയില്‍ കുരുങ്ങിയാണ് നടപടികള്‍ വൈകുന്നതെന്നാണ് വിശദീകരണമെന്നും യേശുദാസ് പറഞ്ഞു. യേശുദാസിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന കുട്ടികളെ കണ്‌ടെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ തന്നോടു വിളിച്ച് ശസ്ത്രക്രിയയുടെ കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും യേശുദാസ് പറഞ്ഞു.