എയർ ഇന്ത്യ കൂടുതൽ ഗൾഫ് സർവ്വീസുകൾ റദ്ദാക്കി

single-img
23 September 2012

യാത്രക്കാരെ അകാരണമായി വലയ്ക്കുന്ന എയർ ഇന്ത്യയുടെ വിനോദ പരിപാടി തുടരുന്നു.കേരളത്തിൽ നിന്നും ഗൾഫിലേയ്ക്ക് ഒക്ടോബർ രണ്ടാം വാരം വരെയുള്ള 11 വിമാന സർവ്വീസുകൾ റദ്ദാക്കിയാണ് എയർ ഇന്ത്യ യാത്രക്കാരെ വെട്ടിലാക്കിയിരിക്കുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ സർവ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഹജ്ജ് സർവ്വീസിനായി വിമാനങ്ങൾ ഉത്തർപ്രദേശിലേയ്ക്ക് കൊണ്ട് പോയതാണ് ഇതിനു കാരണമായി കമ്പനി പറയുന്നത്.തിരുവനന്തപുരത്ത് നിന്നും ദുബായിലേയ്ക്കുള്ള മൂന്നും ഷാർജയിലേയ്ക്കുള്ള രണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സുകൾ, കൊച്ചിയിൽ നിന്ന് കുവൈത്തിലേയ്ക്കുള്ള ഒരു എയർ ഇന്ത്യ എക്സ്പ്രസ്സ് ,റിയാദിലേയ്ക്കുള്ള രണ്ടു എയർ ഇന്ത്യ ,കോഴിക്കോട്ടു നിന്നും ദമാമിലേയ്ക്കുള്ള മൂന്ന് എയർ ഇന്ത്യ എക്സ്പ്രസ്സുകൾ എന്നീ സർവ്വീസുകളാണ് റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി കഷ്ടത്തിലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുൻകൂട്ടി അറിയിക്കാതെയുള്ള റദ്ദാക്കലിലൂടെ നൂറുകണക്കിന് യാത്രക്കാർ തിരുവനതപുരം വിമാനത്താവളത്തിൽ കുടുങ്ങിയത് വിവാദമായിരുന്നു. ഇന്നലെ രാവിലെ ഷാർജയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഇത്തരത്തിൽ റദ്ദാക്കിയത്.