മോട്ടറോളയ്‌ക്കെതിരെ കേസിലും ആപ്പിളിന് ജയം

single-img
15 September 2012

സാംസംഗിനെതിരായ കേസിനു പിന്നാലെ ജര്‍മനിയില്‍ ഗൂഗിള്‍ മോട്ടറോളയ്‌ക്കെതിരായുള്ള പേറ്റന്റ് കേസിലും അമേരിക്കന്‍ കമ്പനിയായ ആപ്പിളിന് വിജയം. ഇതേത്തുടര്‍ന്ന് ജര്‍മനിയില്‍ മോട്ടറോളയുടെ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയേക്കും. ഐഫോണിലുപയോഗിക്കുന്ന ഐഒഎസ് പ്ലാറ്റ്‌ഫോമിലെ ‘ബൗണ്‍സ്ബാക്ക് ലിസ്റ്റ്’ ഫീച്ചര്‍ മോട്ടറോളയുടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ അനധികൃതമായി ഉപയോഗിക്കുന്നു എന്ന ആപ്പിളിന്റെ വാദം മൂണിക്കിലെ കോടതി അംഗീകരിക്കുകയായിരുന്നു. പേറ്റന്റിന്റെ സാധുത മോട്ടറോളയുടെ ഇപ്പോഴത്തെ ഉടമകളായ ഗൂഗിള്‍ ചോദ്യംചെയ്‌തെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. തങ്ങള്‍ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ മോട്ടറോളയുടെ ടാബ്‌ലറ്റുകളും സ്മാര്‍ട്ട്‌ഫോണുകളും ജര്‍മനിയില്‍ നിരോധിക്കാന്‍ ആപ്പിളിന് ആവശ്യപ്പെടാവുന്നതാണ്.