മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ തടഞ്ഞ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

single-img
24 August 2012

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രപ്രസാദിനെ വഴിയില്‍ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. സംഭവത്തില്‍ ഉള്‍പ്പെട്ട എസ്‌ഐ ശ്രീകുമാരന്‍ നായരെ ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം സിപിഎം നടത്തിയ സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിനിടെയാണ് എസ്‌ഐ, രാജേന്ദ്രപ്രസാദിനെ വഴിയില്‍ തടഞ്ഞത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും കടത്തിവിടാന്‍ എസ്‌ഐ തയാറായിരുന്നില്ല.

സമരദിവസം മുഖ്യമന്ത്രി ഓഫീസില്‍ എത്തിയത് അറിഞ്ഞ് ബേക്കറി ജംഗ്ഷന്‍ വഴി ഔദ്യോഗിക കാറില്‍ വരികയായിരുന്നു രാജേന്ദ്രപ്രസാദ്. ജംഗ്ഷനില്‍ ബാരിക്കേഡ് കണ്ട് കാറില്‍ നിന്നിറങ്ങി നടന്നു പോകുമ്പോഴാണ് എസ്‌ഐ അദ്ദേഹത്തെ തടഞ്ഞത്. ഐഡി കാര്‍ഡ് കാട്ടിയിട്ടും എസ്‌ഐ പോകാന്‍ അനുവദിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ വനിതാ പോലീസ് സുജയേയും എസ്‌ഐ തടഞ്ഞുനിര്‍ത്തി.

ഇതേതുടര്‍ന്ന് രാജേന്ദ്രപ്രസാദ് വിവരം സിറ്റി പോലീസ് കമ്മിഷണറെ അറിയിച്ചു. തുടര്‍ന്ന് കമ്മിഷണര്‍ രണ്ടു സി.ഐമാരെ അയച്ച് ഇരുവരെയും സെക്രട്ടേറിയറ്റില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ രാജേന്ദ്രപ്രസാദ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരാതി നല്‍കി. മന്ത്രി പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്‌ഐക്കെതിരേ നടപടിയെടുത്തത്.