വിജയ് കുമാറിനും യോഗേശ്വറിനും ഖേൽരത്ന

single-img
19 August 2012

ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യൻ യശ്ശസ്സുയർത്തി വെള്ളി മെഡൽ ജേതാവായ ഷൂട്ടിങ്ങ് താരം വിജയ് കുമാറിനും വെങ്കല മെഡൽ നേടിയ ഗുസ്തി താരം യോഗേശ്വർ ദത്തിനും പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരം.ഇന്ത്യ ചരിത്രത്തിലെ മികച്ച പ്രകടനം നടത്തിയ ലണ്ടൻ ഒളിമ്പിക് വേദിയിലെ ഫലങ്ങളാണ് കായിക ബഹുമതികളുടെ നിർണയത്തിൽ മികച്ചു നിന്നത്. ആഥൻസ് ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായിരുന്ന ഷൂട്ടിങ്ങ് താരം രാജ്യവർധൻ സിങ് റാത്തോഡിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് ജേതാക്കളെ നിർണയിച്ചത്. മെഡലും പ്രശസ്തി ഫലകവും ഏഴര ലക്ഷം രൂപയുമടങ്ങുന്നതാണ് ഖേൽ രത്ന പുരസ്കാരം.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ ഓപ്പൺ സ്ക്വാഷ് ടൂർണ്ണമെന്റിന്റെ സെമിഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച മലയാളി താരം ദീപിക പള്ളിക്കൽ ഉൾപ്പെടെ 25 താരങ്ങൾ അർജുന അവാർഡിന് അർഹരായി. ശ്വാസകോശാർബുദത്തെ അതിജീവിച്ച് കളിക്കളത്തിലേയ്ക്ക് തിരിച്ചുവരവു നടത്തിയ ക്രിക്കറ്റ് താരം യുവരാജ് സിങ്ങ്, ബാഡ് മിന്റൺ താരങ്ങളായ പി.കശ്യപ്, അശ്വനി പൊന്നപ്പ, അമ്പെയ്ത്ത് ചാമ്പ്യൻ ദീപിക കുമാരി, ഹോക്കി താരം സർദാർ സിങ്, ഗുസ്തി താരങ്ങളായ നർസിങ് യാദവ്, ഗീത ഫൊഗാട്ട്, രാജേന്ദ്ര കുമാർ എന്നീ താരങ്ങൾ അർജുന അവാർഡ് നേടിയവരിൽ ഉൾപ്പെടുന്നു.