രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രണാബിന്റെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു

single-img
3 July 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയുടെ നാമനിര്‍ദേശപത്രിക റിട്ടേണിംഗ് ഓഫീസര്‍ അംഗീകരിച്ചു. പ്രണാബ് മുഖര്‍ജി ലാഭകരമായ പദവി (ഓഫിസ് ഓഫ് പ്രോഫിറ്റ്) വഹിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് എതിര്‍സ്ഥാനാര്‍ഥി പി.എ. സാംഗ്മ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രണാബ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫിസര്‍ വി.കെ. അഗ്നിഹോത്രി പത്രിക അംഗീകരിച്ചത്. കോല്‍ക്കത്ത ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐഎസ്‌ഐ) ചെയര്‍മാന്‍ പദവി 2004 മുതല്‍ പ്രണാബ് വഹിച്ചിരുന്നു. ഇതു ലാഭകരമായ പദവിയായതിനാല്‍ അദ്ദേഹത്തിന്റെ പത്രിക തള്ളണമെന്നാണു സാംഗ്മയ്ക്കുവേണ്ടി അഭിഭാഷകന്‍ സത്പാല്‍ ജെയിന്‍, റിട്ടേണിംഗ് ഓഫിസര്‍ മുന്‍പാകെ വാദിച്ചത്. ഇതിനു മുന്നോടിയായി രേഖാമൂലം പരാതിയും നല്‍കിയിരുന്നു. എന്നാല്‍, ചെയര്‍മാന്‍ പദവി നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് ഒരാഴ്ച മുന്‍പേ, കഴിഞ്ഞ മാസം 20നു തന്നെ രാജിവെച്ചുവെന്ന് പ്രണാബ് വിശദീകരണം നല്‍കിയതോടെയാണ് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചത്.