കാര്യവട്ടത്ത് അന്താരാഷ്ട്ര സ്റ്റേഡിയ നിര്‍മാണോദ്ഘാടനം ഉമ്മൻചാണ്ടി നിർവഹിച്ചു

single-img
9 May 2012

35ാം ദേശീയ ഗെയിംസിനോടനുബന്ധിച്ച് കാര്യവട്ടത്ത് അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.സ്പോര്‍ട്സ് മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യാതിഥി ആയിരുന്നു.

ഐഎല്‍എഫ്എസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ  കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് ആണു പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ആന്വിറ്റി അടിസ്ഥാനത്തില്‍ രാജ്യത്തു നിര്‍മിക്കുന്ന ആദ്യത്തെ സ്റ്റേഡിയമാണിത്.  161 കോടി രൂപയാണു പദ്ധതിയുടെ ചെലവ്.സ്റ്റേഡിയത്തില്‍ ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള സൗകര്യങ്ങളാണ് പ്രധാനമായും തയാറാക്കുക.

അരലക്ഷത്തോളം പേര്‍ക്കിരിക്കാവുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ലോക നിലവാരത്തിലുള്ളതായിരിക്കുമെന്നു  പദ്ധതി വിശദീകരിച്ച മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞു.വികലാംഗര്‍ക്കും പ്രായമായവര്‍ക്കും പടികയറാതെ സ്റ്റേഡിയത്തില്‍ എവിടെയും സഞ്ചരിക്കുന്നതിന് റാംപുകള്‍ നിര്‍മിക്കും. 1000 പേര്‍ക്ക് ഇരിക്കാവുന്ന വിഐപി ഗ്യാലറി, പ്രസ് ബോക്സ്, 600 ബെഡ് ഡോര്‍മെട്രി താമസ സൗകര്യം, ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സ്, ബാസ്കറ്റ് ബോള്‍, വോളിബോള്‍, ബാഡ്മിന്‍റണ്‍, ഹാന്‍ഡ് ബോള്‍, സ്ക്വാഷ്, ടേബിള്‍ ടെന്നിസ് തുടങ്ങിയ ഇനങ്ങള്‍ക്കു പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയും സ്റ്റേഡിയത്തിൽ ഉണ്ടാകും.

അത്യാധുനിക ക്ളബ്ബും ഇന്‍ഡോര്‍ സ്റ്റേഡിയവും   നിര്‍മിക്കും.   ബാസ്കറ്റ്ബോള്‍, വോളിബോള്‍, ബാഡ്മിന്റന്‍, ഹാന്‍ഡ്ബോള്‍, സ്ക്വാഷ്, ടേബിള്‍ ടെന്നിസ് എന്നീ ഇനങ്ങള്‍ക്കു പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം.  ജിംനേഷ്യം, സ്വിമ്മിങ്പൂള്‍, ടെന്നിസ് കോര്‍ട്ട് തുടങ്ങിയവയും സമുച്ചയത്തിന്റെ ഭാഗമായിട്ടുണ്ട്.  രണ്ടായിരത്തോളം വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാം.24 മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തീകരിക്കണമെന്നാണു കരാര്‍. എന്നാല്‍, 18 മാസത്തിനുള്ളില്‍ പണി ഭൂരിഭാഗം തീര്‍ത്ത് 35ാം ദേശീയ ഗെയിംസിന്‍റെ ഉദ്ഘാടന – സമാപന ചടങ്ങുകളുടെ മുഖ്യ വേദിയാക്കും. പതിനഞ്ചു വര്‍ഷത്തേക്കു സ്റ്റേഡിയത്തിന്‍റെ മെയ്ന്‍റനന്‍സ് ചുമതല ഐഎല്‍എഫ്എസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡിനായിരിക്കും.