കിംഗ് ആന്റ് കമ്മീഷണര്‍; ദുരാത്മാക്കളുടെ തിരിച്ചുവരവ്

single-img
24 March 2012


ഈ പോസ്റ്റില്‍ കാണുന്ന സീനും ജനാര്‍ദ്ദനനും ശ്രീകുമാറും ഒഴിച്ചുള്ള കഥാപാത്രങ്ങളും ഈ സിനിമയില്‍ ഇല്ലേയില്ല എന്ന സത്യവാങ്മൂലത്തോടെ….

ആത്മാക്കളിറങ്ങുന്ന കാലമാണിത്. േപ്രക്ഷക മനസ്സില്‍ അലഞ്ഞുതിരിയുന്ന പണ്ടത്തെ കാമ്പുള്ള കഥാപാത്രങ്ങളുടെ ആത്മാക്കളെ ആവാഹിച്ചുകൊണ്ടുവന്ന് സ്‌ക്രീനില്‍ കുടിയിരുത്തുന്ന കാലം. മരിച്ചു മണ്ണടിഞ്ഞിട്ടും അസ്ഥിയെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതെങ്കിലും കണ്ട് തിയേറ്ററില്‍ പത്ത് ആള്‍ക്കാര്‍ കൂടുമെന്ന് വിശ്വസിക്കുന്ന കുറച്ച് സിനിമാ പ്രവര്‍ത്തകര്‍ ജീവിച്ചിരിക്കുന്ന കാലംകൂടിയാണിത്. ആവനാഴിയില്‍ അമ്പുകളൊഴിഞ്ഞ അര്‍ജ്ജുനന്‍ തറയില്‍ കിടക്കുന്ന മുട്ടന്‍ കല്ലെടുത്ത് എറിഞ്ഞു തുടങ്ങുന്ന പോലെ- ‘കൊണ്ടാല്‍ കൊണ്ടു’. അങ്ങനെയുള്ള രണ്ട് ആത്മാക്കളുമായി പഴയ കൂട്ടുകെട്ട് ഇപ്പോള്‍ തിയേറ്ററിലെത്തിയിരിക്കുന്നു.

‘ദ കിംഗ് ആന്റ് ദ കമ്മീഷണര്‍’- പേരുകേള്‍ക്കുമ്പോള്‍ പഴയ ഓര്‍മ്മയില്‍ രോമങ്ങളറിയാതെ എഴുന്നേറ്റ് നില്‍ക്കുമെങ്കിലും കണ്ടുകഴിയുമ്പോള്‍ ആ രോമങ്ങളെ അതുപോലെ നിര്‍ത്താന്‍ ചിത്രത്തിനാകുന്നില്ല എന്നതാണ് സത്യം. പഴയ പുലികളായിരുന്ന ജോസഫ് അലക്‌സാണ്ടറെയും ഭരത്ചന്ദ്രനെയും ഈ വയസുകാലത്ത്, അതും എഴുന്നേറ്റ് നില്‍ക്കാന്‍ ത്രാണിയില്ലെന്ന് തോന്നിപ്പിക്കുന്ന പ്രകടനത്തിലൂടെ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുവാന്‍ ഇറങ്ങിത്തിരിച്ച രഞ്ജിപണിക്കരെയും ഷാജികൈലാസിനെയും പൊങ്കാലയിട്ട് നമിക്കണം. രാഷ്ട്രീയ കാര്യങ്ങളൊ നയതന്ത്രകാര്യങ്ങളൊ, എന്ത് പിണ്ണാക്കായിരുന്നാലും മനസ്സിലാകുന്ന ഭാഷയിലും അതിനുതകുന്ന രീതിയിലും പറഞ്ഞാല്‍ മലയാളികള്‍ ഉള്‍ക്കൊള്ളും. പക്ഷേ ഇവിടെ സിനിമ കാണുന്നവര്‍ അത് മനസ്സിലാക്കരുത് എന്ന ഉദ്ദേശത്തോടെയെഴുതിയ തിരക്കഥപോലെ എവിടെയെക്കയോ പൊട്ടിയും മുഴച്ചുമിരിക്കുന്നു.

പഴയ കോഴിക്കോട് നഗരത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പേ ജോസഫും ഭരതും അഴിഞ്ഞാടിയത്. അവിടുന്നിപ്പോള്‍ ഡല്‍ഹിയിലേക്ക് കുടിയേറി അഴിഞ്ഞാട്ടം മുന്‍കാല പ്രാബല്യത്തോടെ മനോഹരമായി തുടരുകയാണ്. രഞ്ജി പണിക്കരുടെ സിനിമ കാണാന്‍ തിയേറ്ററില്‍ പോകുമ്പോള്‍ ഒരു ഇംഗ്ലീഷ് ഡിക്ഷണറിയും കൂടെ കരുതണമെന്ന പതിവ് ഈ സിനിമയിലും തെറ്റിക്കുന്നില്ല. ഒരു ഹിന്ദി ഡിക്ഷ്ണറി കൂടിയുണ്ടായിരുന്നാല്‍ കുറച്ചുകൂടി ഉപകാരമായി.

ഡയലോഗുകള്‍ മാത്രം കൊണ്ട് ഒരു ചിത്രത്തെ എങ്ങിനെ മൂന്ന് മണിക്കൂര്‍ കൊണ്ടുപോകാം എന്നതിന്റെ ഉത്തമോദാഹരണമായി ഈ ചിത്രത്തെ വിലയിരുത്തുന്നതിലും തെറ്റില്ല. കിംഗും കമ്മീഷണറും അന്ന് പറഞ്ഞത് അന്നത്തെ കാലഘട്ടം ഇഷ്ടപ്പെട്ടവയും അന്നത്തെ ജനങ്ങള്‍ പറയാന്‍ ആഗ്രഹിച്ചിരുന്നതുമായ കാര്യങ്ങളായിരുന്നു. ആയതിനാല്‍ അവ രണ്ടും ജനങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. പക്ഷേ ഇന്നത്തെ കിംഗും കമ്മീഷണറും കാര്യങ്ങളിലേക്ക് കടക്കുന്നില്ല. മറിച്ച് പഴയ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സ്‌ക്രീനില്‍ കഥാപാത്രങ്ങള്‍ തുപ്പല്‍ തെറിപ്പിച്ച് സംസാരിക്കുന്ന കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ ഒന്നോടെ വെള്ളം തൊടാതെ വീഴുങ്ങുകയെന്നല്ലാതെ പ്രേക്ഷകര്‍ക്ക് വേറെ വഴിയില്ല.

ഏകലവ്യനിലെ അമൂര്‍ത്താനന്ദജിയുടെ പിന്‍ഗാമിയായ ചന്ദ്രമൗലിയെന്ന സ്വാമിയെയാണ് സായ്കുമാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും കാര്യങ്ങളുമൊക്കെ പഴയ സ്വാമിയുടേതു തന്നെ. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഇപ്പോഴുള്ള മുഖമാണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്തിരിക്കുന്നതെന്ന് പറഞ്ഞാലും ആരെയും കേറി എന്തും പറയാമെന്ന ഈ കിംഗ്- കമ്മീഷണര്‍മാരുടെ ‘ധാര്‍ഷ്ഠ്യം’ പ്രേക്ഷകരില്‍ ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തുന്നു.

പ്രധാനമന്ത്രിയേയും, പ്രതിരോധ മന്ത്രിയേയും, പ്രതിരോധ സെക്രട്ടറിയേയും, ചായക്കട നടത്തുന്നദാമോദരനെയും ഒരേ കണ്ണുകൊണ്ട് കാണുകയും ഒരുപോലെ പെരുമാറുകയും ചെയ്യുന്ന രഞ്ജിപണിക്കരുടെ കഥാപാത്രങ്ങള്‍ അന്നും ഇന്നും പ്രേക്ഷകര്‍ക്ക് അത്ഭുതങ്ങളാണ് സമ്മാനിക്കുന്നത്. ‘പുല്ലേ, കൊപ്പേ, നായിന്റെ മോനെ’ തുടങ്ങിയ മലയാളം വാക്കുകള്‍ നായകന് എത്ര ഉന്നതന്റെ മുഖത്തു നോക്കിയും പേടികൂടാതെ വിളിക്കാമെന്നുള്ളതാണ് അതിന്റെ പ്രത്യേകത. ഈ സിനിമയിലും അതിനുള്ള സൗകര്യം സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകര്‍ക്ക് ഒരുക്കിയിട്ടുണ്ട്.
‘മറ്റവനെ..മറിച്ചവനെ’യെന്നൊക്കെ അഥാപാത്രങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു വിളിക്കുന്നത് പ്രേക്ഷകര്‍ക്ക് കര്‍ണാനന്ദം തന്നെയാണ്- പ്രത്യേകിച്ചും കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവം അടുത്ത ദിവസമാരംഭിക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍.

കഥ- ഇങ്ങനെയുള്ള സിനിമകള്‍ക്ക് കഥ എന്ത് എന്നചോദിക്കുന്നതാണ് ആദ്യ തെറ്റ്. ദേശീയ രാഷ്ട്രീയം പുകയടിച്ച് ഇങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ കഥയ്ക്കാണോ പഞ്ഞം? പിന്നെ തൊട്ടപ്പുറത്ത് എന്തിനും തയ്യാറായി പാകിസ്ഥാന്‍ നില്‍ക്കുകയും ചെയ്യുന്നു. പാകിസ്ഥാന്‍, ദേശീയ രാഷ്ട്രീയം, ഭീകരത- ഇതു മൂന്നുംകൂടി ഒരു പേപ്പറില്‍ എഴുതിയാല്‍തന്നെ കഥയായി. ഈ ഒരു സിംപിള്‍ ലോജിക്കാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

കേസന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ മലയാളികളായതിനാല്‍ (കിംഗും കമ്മീഷണറും) അവര്‍ കണ്ടുമുട്ടി സംസാരിക്കുന്ന ആളുകളും മലയാളികളാകണമെന്നാണല്ലോ. ആ നിബന്ധന ഇവിടെയും പാലിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിവരെ മലയാളം പറയുന്നുണ്ട്. യാഥാര്‍ത്ഥ്യം എന്തായിരുന്നാലും സിനിമയില്‍ വരുമ്പോള്‍ സിനിമയിലെങ്കിലും കേരളവും മലയാളവും ഒരു ഭയങ്കര സംഭവം തന്നെയെന്ന് വീണ്ടും അടിവരയിടുന്നു.

ഇത്തരം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങളിലെ നായികയ്ക്ക് എന്തു ജോലിയായിരിക്കുമെന്ന് സ്‌കൂളില്‍ പോകാതെ പാണ്ടി കളിച്ചുകൊണ്ടിരിക്കുന്ന പിള്ളേരോട് ചോദിച്ചാലും അവര്‍ പറഞ്ഞുതരും; ജേര്‍ണലിസ്റ്റ് അല്ലെങ്കില്‍ വക്കീല്‍. സിനിമ അവിടെയും തെറ്റിച്ചിട്ടില്ല. ആദ്യത്തെ ചോയ്‌സായ ജേര്‍ണലിസ്റ്റായി സംവൃതാസുനില്‍ അഭിനയിക്കുന്നു. ഇടയ്ക്കിടയ്ക്ക് മമ്മൂട്ടിയുടെയടുത്ത് ”ഒരുകാര്യം പറയാനുണ്ട്… ഇപ്പോള്‍ വേണ്ട. അടുത്തതവണയാകട്ടെ” എന്നൊക്കെ പറയുന്നുണ്ടെങ്കിലും കാര്യമെന്താണെന്ന് പറയുന്നില്ല. അതെന്തായാലും നന്നായി. അതും കൂടി കേള്‍ക്കേണ്ടി വന്നില്ലല്ലോ.

സിനിമ കണ്ടു കഴിഞ്ഞാല്‍ പ്രേക്ഷകന്റെ മനസ്സില്‍ ആരെങ്കിലും തങ്ങിനില്‍പ്പുണ്ടെങ്കില്‍ അത് മമ്മൂട്ടിയോ സുരേഷ് ഗോപിയോ ആയിരിക്കില്ല. ബിജുപപ്പന്‍ അവതരിപ്പിച്ച ‘ഉബൈദ്’ എന്ന പോലീസ് ഓഫീസറായിരിക്കും. നല്ലൊരു വേഷം അതിന്റെ ഭംഗിയോടുകൂടിചെയ്ത ബിജുപപ്പന് അഭിമാനിക്കാം.

വിഷയം ഭീകകരതയായതിനാലും വില്ലന്‍മാര്‍ പാകിസ്ഥാന്‍കാരായതിനാലും ചിത്രത്തിന്റെ അവസാനം കൂക്കും ബഹളങ്ങളുമില്ലാതെ പ്രേക്ഷകര്‍ തിയേറ്റര്‍ വിടുന്നു (വന്ദേ മാതരത്തിന്റെ ശക്തി). പടം എങ്ങിനെയുണ്ട് എന്ന ചോദിക്കുന്നവര്‍ക്ക് ‘ഫയങ്കര പടം… ഇടിവെട്ട് ഡയലാഗ്’ എന്ന സ്ഥിരം ഉത്തരമായിരിക്കും ഫാന്‍സുകളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. അവരെ പറഞ്ഞിട്ടും കാര്യമില്ല. പഠിച്ചതല്ലേ പാടു. അല്ലെങ്കില്‍ ഞാനനുഭവിച്ചു, ഇനി നീയുമനുഭവിച്ചോ എന്ന മനസ്ഥിതിയുമാകാം.

മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയുമൊക്കെ അവതരിപ്പിച്ച നല്ല കഥാപാത്രങ്ങളുടെ ആത്മാക്കളുമായി ഇനിയും ഇങ്ങനെയുള്ള സിനിമകളെ കാലാകാലങ്ങളില്‍ പ്രതീക്ഷിക്കുക.