സച്ചിന്‍ ഏകദിനം മതിയാക്കണമെന്ന് ഗാംഗുലിയും

single-img
22 February 2012

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ തുടരുന്നതു പുന:പരിശോധിക്കണമെന്നു മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. സ്ഥിരമായി ഏകദിനം കളിക്കാമെന്ന കാര്യത്തില്‍ ഉറപ്പുണെ്ടങ്കില്‍ മാത്രമേ സച്ചിന്‍ ഏകദിനത്തില്‍ തുടരാവൂ, അല്ലാതെ എട്ടോ ഒമ്പതോ മാസത്തിലൊരിക്കല്‍ ഏകദിനം കളിക്കുന്നതു ശരിയില്ലെന്നും ഇത് ഒരിക്കലും ടീമിനു ഗുണകരമാകില്ലെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. സച്ചിന്‍ തന്നോടു തന്നെ ചോദിക്കണം, ഏകദിന ക്രിക്കറ്റില്‍ താന്‍ തുടരുന്നതു ശരിയാണോ അല്ലയോ എന്ന്.

പലപ്പോഴും ഏകദിന ടീമില്‍ നിന്നു വിട്ടുനില്‍ക്കുകയും വല്ലപ്പോഴും കളിക്കുകയും ചെയ്യുന്നത് ഭൂഷണമല്ല- ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 2011 ഏപ്രിലില്‍ നടന്ന ലോകകപ്പിനുശേഷം സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ കളിച്ചിരുന്നില്ല. ഇപ്പോള്‍ ഒമ്പതു മാസത്തിനുശേഷമാണ് കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പരയില്‍ അദ്ദേഹം കളിക്കുന്നത്.

ഇത് ഇന്ത്യന്‍ ടീമിനെയോ സച്ചിനെ വ്യക്തിപരമായോ തുണയ്ക്കുന്നില്ലെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. എന്റെ അഭിപ്രായത്തില്‍ ലോകകപ്പ് കഴിഞ്ഞതേ സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കമമായിരുന്നു. കാരണം ഏകദിന ക്രിക്കറ്റില്‍ ഇനി സച്ചിനു നേടാനായി ഒന്നുമില്ല. ബിസിസിഐയിലെ ആരെങ്കിലും സച്ചിന്‍ വിരമിക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പിറകേ നടക്കുന്നതായി കരുതുന്നില്ലെന്നും ഒരു ദേശീയ ഇംഗ്ലീഷ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു.