പാമോയില്‍ കേസ്: വിജിലന്‍സ് റിപ്പോര്‍ട്ട് നിയമവാഴ്ച അട്ടിമറിക്കാനുള്ള ശ്രമമെന്ന് പിണറായി

single-img
17 February 2012

പാമോയില്‍ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് ബോധപൂര്‍വം നിയമവാഴ്ച അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കുകയല്ല, കേസ് തന്നെ ഇല്ലാതാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ക്യാബിനറ്റ് നോട്ട് അനുസരിച്ചാണ് തീരുമാനമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇടപാടില്‍ സ്റ്റോക്ക് പര്‍ച്ചേസുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിലുണ്ട്. എന്നാല്‍ ഇടപാടിനായി ആഗോള ടെന്‍ഡര്‍ വിളിക്കല്‍ പ്രായോഗികമല്ലെന്നാണ് വിജിലന്‍സ് ഇപ്പോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. വിജിലന്‍സിന് എങ്ങനെയാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും പിണറായി ചോദിച്ചു.

പിറവം ഉപതെരഞ്ഞെടുപ്പ് പരീക്ഷാകാലഘട്ടത്തില്‍ നിശ്ചയിച്ചതിലും പിണറായി അതൃപ്തി രേഖപ്പെടുത്തി. വിദ്യാര്‍ഥികളുള്ള വീടുകളിലെല്ലാം ഇത് ബുദ്ധിമുട്ടുണ്ടാക്കും. ധാരാളം വിശ്വാസികള്‍ ഉള്ള മണ്ഡലമാണ് പിറവം. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഞായറാഴ്ചയായത് ബുദ്ധിമുട്ട് ഇരട്ടിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീണ്ടകരയില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം അറുംകൊലയാണെന്നും കൊലപാതകമായി തന്നെ ഇത് പരിഗണിക്കണമെന്നും പിണറായി പറഞ്ഞു.

മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും നഷ്ടപരിഹാരം നല്‍കണമെന്ന് പിണറായി ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനേക്കാള്‍ വിദേശ രാജ്യങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും ഇക്കാര്യത്തില്‍ ഈ സമീപനമുണ്ടാകരുതെന്നും പിണറായി പറഞ്ഞു.