മദമിളകിയ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പരിക്ക്

single-img
16 February 2012

തൃശൂര്‍ കേച്ചേരിയില്‍ ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പാവറട്ടി മനപ്പടി വീട്ടില്‍ മാളിയേക്കല്‍ അലോഷ്യസാണ്(50) മരിച്ചത്. പാപ്പാനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കേച്ചേരി ആളൂര്‍ കുറുപ്പത്ത് ശിവശങ്കരന്‍ എന്നയാനയാണ് രാവിലെ ഏഴരയോടെ ഇടഞ്ഞത്. ഇടഞ്ഞ ആന യാത്രക്കാരുമായി എത്തിയ സ്വകാര്യബസടക്കം നിരവധി വാഹനങ്ങള്‍ കുത്തിമറിച്ചിട്ടു. ബസിലെ പതിമൂന്ന് യാത്രക്കാരെ പരിക്കുകളോടെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടരമണിക്കൂറോളം കേച്ചേരി പ്രദേശത്തെ വിറപ്പിച്ച കൊമ്പനെ ഡോ. പി.ബി. ഗിരിദാസിന്റെയും ഡോ. രാജീവിന്റെയും നേതൃത്വത്തില്‍ മയക്കുവെടി വിദഗ്ധരെത്തി തളച്ചു. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ ആഷിദ്(25), ബസ് യാത്രക്കാരന്‍ സിന്‍സണ്‍(36) എന്നിവരെയും അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഏഴരയോടെ ആനയ്ക്ക് വെള്ളം കൊടുക്കാനായി കെട്ടഴിച്ചപ്പോഴാണ് ഇടഞ്ഞത്. പാപ്പാനെ കുത്തിയ ശേഷം വടക്കാഞ്ചേരിയില്‍ നിന്നും കേച്ചേരിക്കുള്ള റോഡില്‍ വച്ച് ബൈക്ക് യാത്രക്കാരനെ തട്ടിയിട്ടു. തുടര്‍ന്ന് യാത്രക്കാരുമായി വരികയായിരുന്ന സെന്റ് ജോസഫ് എന്ന ബസും കുത്തിമറിച്ചിട്ടു. ബസിനടിയില്‍പെട്ട യാത്രക്കാരനെ പിന്നീട് രക്ഷിച്ചു. ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ ആന കുത്തിമറിച്ചിട്ടു. ഇതില്‍ സ്‌കൂള്‍ വാനും ഉള്‍പ്പെടും. സ്‌കൂള്‍ വാനില്‍ യാത്രക്കാരാരുമുണ്ടായിരുന്നില്ല. എരനെല്ലൂരിലെ ഒരു വീടും കാറും ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന്റെ ജീപ്പും ആന തകര്‍ത്തിട്ടുണ്ട്. പത്തോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയ ആനയെ പട്ടിക്കര കിഴ്കൂട്ട് പള്ളിയ്ക്കു സമീപം വച്ചാണ് തളച്ചത്. പരക്കം പാച്ചിലിനിടെ ആനയുടെ ശരീരത്തും പരിക്കു പറ്റി. ഡോ. ഗിരിദാസിനേയും ഡോ. രാജീവിനെയും കൂടാതെ എലിഫന്റ് സ്‌ക്വാഡും ഗുരുവായൂര്‍ ആനത്താവളത്തിലെ പാപ്പാന്‍മാരും സംഭവസ്ഥലത്തെത്തിയിരുന്നു.